കൊച്ചി : കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച പ്രവാസികളുടെ ആശ്രിതര്‍ക്കും ധനസഹായം നല്‍കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ നല്കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനെയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെയും കക്ഷിചേര്‍ക്കാന്‍ ഹൈകോടതി നിര്‍ദേശം. കേന്ദ്ര സര്‍ക്കാരിന് പങ്കാളിത്തമുള്ള സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ധനസഹായം നല്‍കുന്നതെന്നും കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച പ്രവാസികളുടെ ഉറ്റവര്‍ക്ക് ധനസഹായം നല്കാന് അനുമതി തേടി മുഖ്യമന്ത്രി 2021 ഡിസംബര്‍ 15ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയെങ്കിലും നടപടിയുണ്ടായില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് വിശദീകരിച്ചു.
ഈ കത്തിന്റെ പകര്‍പ്പ് ഹാജരാക്കാനും ജസ്റ്റിസ് എന്‍.നഗരേഷ് നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജി ഈ മാസം 24ന് വീണ്ടും പരിഗണിക്കും. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. എന്നാല്‍, വിദേശത്ത് ഇങ്ങനെ മരിച്ചവരുടെ ഉറ്റവര്‍ നല്കിയ അപേക്ഷകള്‍ നിരസിച്ചെന്നും സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന് 75 ശതമാനം പങ്കാളിത്തമുള്ള ദുരിതാശ്വാസ നിധിയില്‍നിന്നാണ് പണം നല്‍കുന്നതെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് സഹായ വിതരണമെന്നും സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചു. ഇതേ വിഷയത്തില്‍ ഡല്‍ഹി ഹൈകോടതിയിലുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനെ കക്ഷിചേര്ത്തെന്നും ചൂണ്ടിക്കാട്ടിയിരുന്നു.