ന്യൂഡല്‍ഹി : സംസ്ഥാനത്ത് നടക്കുന്ന എല്ലാ കോവിഡ് മരണങ്ങളും കണക്കില്‍പെടുത്തുന്നുണ്ടെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. മരണം കോവിഡ് മൂലമെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ പോലും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മരണം കോവിഡ് മൂലമാണോ എന്ന് സ്ഥിരീകരിക്കാന്‍ ഇന്റര്‍നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ക്‌ളാസ്സിഫികേഷന്‍ ഓഫ് ഡിസീസസ് പുറത്ത് ഇറക്കിയ മാര്‍ഗ്ഗരേഖ പ്രകാരമാണ് കേരളം പരിശോധന നടത്തുന്നത് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് സംശയിക്കപ്പെടുന്ന മൃതദേഹങ്ങളില്‍ പരിശോധന നടത്തുന്നില്ല. എന്നാല്‍ ഒരു കോവിഡ് മരണവും കണക്കില്‍പെടാതെ പോകരുത് എന്ന് നിര്‍ബന്ധം ഉള്ളതിനാലാണ് മരണകാരണം കോവിഡ് ആണെന്ന് കരുതുന്ന മൃതദേഹങ്ങള്‍ പോലും പരിശോധിക്കുന്നത്. മരണ കാരണം കോവിഡ് ആണെങ്കില്‍ അത് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തും. എല്ലാ മരണത്തിന്റെയും കാരണം വിശദീകരിക്കുന്ന മെഡിക്കല്‍ ബുള്ളറ്റിനുകള്‍ ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ സംസ്ഥാന നോഡല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറുന്നുണ്ട്. കേരളത്തില്‍ എല്ലാ കോവിഡ് മരണങ്ങളും ഔദ്യോഗിക കണക്കില്‍പെടുത്തുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് ഇടയിലാണ് സംസ്ഥാനം സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരിക്കുന്നത്.
മരണ നിരക്ക് 0.4 ശതമാനത്തില്‍ താഴെ ആയി കുറച്ചുകൊണ്ട് വരാന്‍ സാധിച്ചെന്നും റിപ്പോര്‍ട്ടില്‍ കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോവിഡ് സാഹചര്യം വിശദീകരിച്ച് നിലവിലെ അവസ്ഥ, രോഗികളുടെ ചികിത്സ, രോഗവ്യാപനം കുറയ്ക്കാന്‍ സ്വീകരിച്ച നടപടികള്‍, മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എല്ലാ സംസ്ഥാനങ്ങളോടും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി പ്രകാശ് കേരളത്തിന്റെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
നിലവില്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുക ആണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 87 ശതമാനം ആണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. നിലവില്‍ കോവിഡ് ആശുപത്രികളില്‍ മാത്രം 20672 കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ആയി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 27176 കിടക്കകളും, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 8076 കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.