പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ചെന്നൈയില്‍നിന്നും എത്തിയ പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷി അമ്മാള്‍ (73) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഇവര്‍ മരിച്ചത്. ഇവരുടെ ആദ്യത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെങ്കിലും മരണശേഷം അയച്ച സാമ്പിളാണ് പോസിറ്റീവായത്.
ചെന്നൈയില്‍നിന്നും മേയ് 25നാണ് ഇവര്‍ വാളയാര്‍ വഴി കേരളത്തിലെത്തിയത്. തുടര്‍ന്നു ശ്രീകൃഷ്ണപുരത്തെ സഹോദരന്റെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. മേയ് 28ന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മീനാക്ഷി അമ്മാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവര്‍ക്ക് പ്രമേഹവും ന്യുമോണിയയും ഉണ്ടായിരുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. ഇവരുടെ സംസ്കാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്നുതന്നെ നടത്തും. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.