ഹരിദ്വാര്‍: ഹരിദ്വാര്‍ കുംഭമേളയില്‍ പങ്കെടുത്ത മുഖ്യ പുരോഹിതന്മാരില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. 80ലധികം മത നേതാക്കള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഈ ആഴ്ച ആദ്യമാണ് സന്ന്യാസി കൗണ്‍സിലുകളുടെ തലവനായ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസിനെ (65) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹം കോവിഡ് ബാധിച്ച് വ്യാഴാഴ്ചയാണ് മരിച്ചത്.
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിലായിരുന്നു കുംഭ മേള നടത്തിയത്. കുംഭമേള കോവിഡിന്റെ മഹാവ്യാപനത്തിന് വഴിവെക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ തുടക്കം മുതലേ മുന്നറിയിപ്പ് നല്‍കിയിരുന്നു. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേളയില്‍ 25 ദശലക്ഷത്തോളം ആളുകള്‍ പങ്കെടുക്കാറുണ്ട്. ഈ ആഴ്ച്ചയിലെ രണ്ട് ദിവസങ്ങളിലായി 4.6 ദശലക്ഷം ആളുകളാണ് മേളയില്‍ പങ്കെടുത്തത്.