ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം സാങ്കേതിക വിഷയങ്ങള്‍ കാട്ടി തളളരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. അച്ഛനമ്മമാരെ നഷ്ടമായ കുട്ടികളെ സര്‍ക്കാര്‍ സമീപിച്ച് ധനസഹായം നല്കണമെന്നും കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. ധനസഹായം കുട്ടികളുടെ പേരില്‍ നല്കണം. ഇത് ബന്ധുക്കളുടെ പേരിലാകരുത് നല്‍കുന്നത് എന്നും കോടതി നിര്‍ദ്ദേശിച്ചു. സഹായത്തിന് അപേക്ഷിക്കാന്‍ ജനങ്ങളെ ബോധവത്ക്കരിക്കണം എന്നും കോടതി പറഞ്ഞു. കൊവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് കേള്‍ക്കുന്നത് അടുത്ത മാസം നാലിലേക്ക് മാറ്റി.
അതേസമയം, കേരളത്തില്‍ കോവിഡ് ധനസഹായത്തിനു അപേക്ഷിക്കുന്നവരുടെ എണ്ണം എന്തു കൊണ്ട് കുറയുന്നു എന്ന് സുപ്രീംകോടതി നേരത്തെ ചോദിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങളില്‍ 60 ശതമാനം മാത്രമാണ് അപേക്ഷ നല്കിയതെന്ന് കണക്കുകള്‍ പറയുന്നു. റിപ്പോര്‍ട്ടു ചെയ്ത മരണസംഖ്യയുടെ എട്ടിരട്ടിവരെ അപേക്ഷകളാണ് ധനസഹായത്തിനു ചില സംസ്ഥാനങ്ങളില്‍ കിട്ടുന്നതെന്നും സുപ്രീം കോടതിയില്‍ എത്തിയ രേഖകളിലുണ്ട്. ആന്ധ്രപ്രദേശ്, ബിഹാര്‍ ചീഫ് സെക്രട്ടറിമാര്‍ നേരിട്ടു ഹാജരായി വിശദീകരിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.