ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അന്‍പത് കടന്നു. മഹാരാഷ്ട്രയിലും ബംഗാളിലും രണ്ടുവീതവും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഓരോ മരണം വീതവും റിപ്പോര്‍ട്ട് ചെയ്തു. യു.പിയില്‍ ഗോരഖ്പുര്‍ ബി.ആര്‍.ഡി കോളജില്‍ തിങ്കളാഴ്ച മരിച്ച 25 വയസുള്ള യുവാവിന് കോവിഡ് സ്ഥിരീകരിച്ചത് സംസ്ഥാനത്തെയാകെ ആശങ്കയിലാഴ്‍ത്തി.
ഇയാള്‍ ചികില്‍സയിലായിരുന്ന മെഡിക്കല്‍ കോളജിലും ബസ്തിയിലെ ആശുപത്രിയിലും ജനറല്‍ വാര്‍ഡുകളിലാണ് കഴിഞ്ഞിരുന്നത്. മുംബൈയില്‍ നിന്ന് മടങ്ങിവന്ന വിവരം രോഗിയും ബന്ധുക്കളും മറച്ചുവെച്ചെന്നാണ് ആശുപത്രികളുടെ വിശദീകരണം. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാതെയാണ് മൃതദേഹം സംസ്കരിച്ചതും. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 320 കടന്നു. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ രണ്ടു ഡോക്ടര്‍മാര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു.