മലപ്പുറം: സമ്പര്‍ക്കത്തിലൂടെ നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച എടപ്പാളില്‍ നാല് പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. പൊന്നാനി നഗരസഭയിലെ 47 വാര്‍ഡുകളും ഇതില്‍പ്പെടും. ഇവിടെ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു.
എടപ്പാള്‍, വട്ടംകുളം, ആലങ്കോട്, മാറഞ്ചേരി, പഞ്ചായത്തുകളും പൊന്നാനി നഗരസഭയിലെ 47 വാര്‍ഡുകളുമാണ് ഹോട്ട്സ് പോട്ടുകളായി പ്രഖ്യാപിച്ചത്. പ്രതിദിനം നിരവധി രോഗികള്‍ എത്തുന്ന എടപ്പാളിലെ രണ്ടു സ്വകാര്യ ആശുപത്രികളിലെ രണ്ടു ഡോക്ടര്‍മാര്‍ക്കും മൂന്നു നഴ്സുമാര്‍ക്കും വട്ടംകുളത്ത് ആറു പേര്‍ക്കുമാണു ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതിലൊരാള്‍ എടപ്പാളിലെ ബാങ്ക് ഉദ്യോഗസ്ഥയാണ്. കൂടാതെ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍, വര്‍ക്ക് ഷോപ്പ് ജീവനക്കാരന്, കുടുംബശ്രീ പ്രവര്‍ത്തക, വീട്ടമ്മ എന്നിവര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം ഒരു ഭിക്ഷാടകന് രോഗം ബാധിച്ചതിന്റെ ഉറവിടം വെളിപ്പെട്ടിട്ടുമില്ല. വട്ടംകുളത്തെ അഞ്ചുപേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടവും വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് മേഖലയില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചത്. ദേശീയ പാതയില്‍ എടപ്പാളിലൂടെ പോകുന്ന വാഹനങ്ങള്‍ അരമണിക്കൂറിനുള്ളില്‍ കണ്ടെയ്ന്‍മെന്റ് മേഖല കടന്നുപോകുന്നുണ്ടെന്ന് ഉറപ്പാക്കും. ഇടയില്‍ വാഹനങ്ങളില്‍ നിന്ന് ആരും പുറത്തിറങ്ങാന്‍ പാടില്ല. ഒരു പെട്രോള്‍ പമ്പ് രാവിലെ ഏഴുമുതല്‍ പത്തുവരെ പ്രവര്‍ത്തിക്കും.