തൃശ്ശൂര്‍ : കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. നാളെ മുതല്‍ പ്രദേശവാസികള്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. നേരത്തെ ബുക്കിങ്ങ് നടത്തിയ വിവാഹങ്ങള്‍ അനുവദിക്കും.
വെര്‍ച്ച്‌വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ദര്‍ശനം നടത്താം. ഓണ്‍ലൈന്‍ മുഖേനയുള്ള വഴിപാടുകള്‍ മാത്രമാണ് അനുവദിക്കുക. ജില്ലാ ഭരണകൂടവുമായി ആലോചിച്ചാകും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. നിലവില്‍ 12.46 ശതമാനമാണ് ഗുരുവായൂര്‍ ഗരസഭയില്‍ ടി.പി.ആര്‍.
സംസ്ഥാനത്ത് തുടര്‍ച്ചയായ ഏഴാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ തന്നെ തുടരുകയാണ്. നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും രോഗവ്യാപനം കുറവില്ലാതെ തുടരുന്നത് വലിയ ആശങ്കയാണ്. അതേസമയം വാക്സിനേഷന്‍ ഊര്‍ജിതമാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ഇന്നലെ സംസ്ഥാനത്തെത്തിയിട്ടുണ്ട്.
വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവര്‍ക്കും സൗകര്യമില്ലാത്തവര്‍ക്കും വാക്സിന്‍ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് രജിസ്ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിക്കും. ആശ വര്‍ക്കര്‍മാരുടെ സഹായത്തോടെയാകും ക്യാമ്പയിന്‍ നടപ്പാക്കുക.