തിരുവനന്തപുരം: കോവിഡ് 19 ആശങ്കയെ തുടര്‍ന്ന് താമസിക്കാന്‍ മുറി ലഭിക്കാതെ രാത്രിയില്‍ നഗരത്തില്‍ ഒറ്റപ്പെട്ട വിദേശ വനിതയ്ക്കു തുണയായി പോലീസ്. ഡല്‍ഹിയില്‍ നിന്ന് എത്തിയ അര്‍ജന്റീന സ്വദേശി മരിയയാണ് സഹായം ലഭിക്കാതെ വലഞ്ഞത്. രോഗത്തിന്റെ മുന്‍കരുതല്‍ നടപടികള്‍ വിശദീകരിച്ച ഉദ്യോഗസ്ഥര്‍ പോലീസ് ആംബുലന്‍സ് എത്തിച്ച് ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടു പോയി. രോഗം ഇല്ലെന്നു സ്ഥിരീകരിച്ച ശേഷം താമസിക്കാന്‍ മുറി നല്‍കുമെന്നു പോലീസ് പറഞ്ഞു.
മെഡിക്കല്‍ കോളജ് ജംക്‌ഷനിലെ ഹോട്ടലിലായിരുന്നു ഇവര്‍ മുറി ബുക്ക് ചെയ്തിരുന്നത്. കോവിഡ് 19 ഭീഷണിയുടെ പേരില്‍ ഹോട്ടല്‍ ജീവനക്കാര്‍ മുറി നിഷേധിച്ചതോടെ തമ്പാനൂരില്‍ എത്തി. പിന്നീട് നഗരത്തിലെ പല ഹോട്ടലുകളിലും അന്വേഷിച്ചെങ്കിലും ആരും മുറി നല്‍കിയില്ല. സഹായം അഭ്യര്‍ഥിച്ചു സമീപിച്ചപ്പോള്‍ വഴിയാത്രക്കാരില്‍ പലരും മുഖം പൊത്തി മാറി നടന്നു. പിന്നീട് പാളയത്ത് യൂണിവേഴ്സിറ്റി ലൈബ്രറിക്കു സമീപം കരഞ്ഞു തളര്‍ന്നു നിന്ന ഇവരെ പിങ്ക് പോലീസും കന്റോണ്‍മെന്റ് പോലീസും ചേര്‍ന്നു സഹായിക്കുകയായിരുന്നു.