വാഷിങ്ടണ്‍ : കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്നാണ് പുറത്തുവന്നതെന്നതിന് നിര്‍ണ്ണായക തെളിവുകളുണ്ടെന്ന അവകാശവാദവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഒരു ചാനല്‍ പരിപാടിക്കിടെയാണ് മൈക്ക് പോംപിയോയുടെ പരാമര്‍ശം. കൊറൊണ വൈറസ് മനുഷ്യ നിര്‍മ്മിതമാണെന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന അടക്കം ആവര്‍ത്തിക്കുമ്പോഴാണ് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയുടെ അവകാശവാദം.
അതേസമയം ചൈന കൊറോണ വൈറസിനെ മനഃപൂര്‍വ്വം പുറത്തുവിട്ടതാണെന്ന് ആരോപിക്കാന്‍ പോംപിയോ വിസമ്മതിച്ചു. വുഹാനിലെ ലാബില്‍ നിന്നാണ് കൊവിഡ് വന്നതെന്ന് നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ആരോപിച്ചിരുന്നു. ഇതിന് തെളിവുകളുണ്ടെന്നും പിന്നീട് പുറത്തുവിടുമെന്നും ട്രംപ് പറഞ്ഞിരുന്നു. കൊവിഡ് രോഗത്തിന്റെ രൂക്ഷതയെക്കുറിച്ച് ചൈന ലോകത്തിന് ആവശ്യമായ മുന്നറിയിപ്പ് നല്‍കിയില്ലെന്നും ട്രംപ് പലകുറി ആവര്‍ത്തിച്ചിരുന്നു.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്ന് ജനിതക മാറ്റങ്ങളിലൂടെയാണ് കൊവിഡ് വൈറസ് നിലവിലെ അപകടകരമായ രൂപത്തിലെത്തിയതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ട്രംപ് വുഹാനിലെ ലാബില്‍ നിന്നാണ് കൊവിഡ് ഉത്ഭവിച്ചതെന്ന് ആരോപിച്ചത്. മുന്‍ സി.ഐ.എ മേധാവി കൂടിയായ പോംപിയോ ഇതേ ആരോപണമാണ് ആവര്‍ത്തിച്ചിരിക്കുന്നത്. നിലവാരമില്ലാത്ത ലബോറട്ടറികളില്‍ നിന്നും രോഗം പരന്ന ചരിത്രം നേരത്തെയും ചൈനക്കുണ്ടെന്നും പോംപിയോ പറഞ്ഞു.
അതേസമയം അമേരിക്കയുടെ നിലവിലെ ദുരവസ്ഥക്കെതിരെ ശ്രദ്ധ തിരിക്കുന്നതിനാണ് ട്രംപിന്റെ ഈ ശ്രമങ്ങളെന്ന് ആരോപിച്ച് ഡെമോക്രാറ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ലോകത്തിലേറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള അമേരിക്കയില്‍ 11.80 ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 68200 ലേറെ പേര്‍ മരിച്ച അമേരിക്ക തന്നെയാണ് കൊവിഡ് മരണത്തിലും ലോകത്ത് ഒന്നാമത്.
നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൊവിഡ് തന്നെയാകും പ്രധാനവിഷയമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പില്‍ കൊവിഡിന് പിന്നില്‍ ചൈനയാണെന്ന രീതിയിലായിരിക്കും ട്രംപിന്റെ പ്രചാരണമെന്നും റിപ്പോർട്ടുകള്‍ പറയുന്നു. കൊവിഡിന്റെ ഉത്ഭവം ചൈനീസ് ലാബാണെന്ന് തെളിയിക്കാനുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.