പത്തനംതിട്ട : കോവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലാ ഹോമിയോപ്പതി വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് എല്ലാ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളിലും ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ട്. രോഗവ്യാപനം കൂടുതലായുള്ള പഞ്ചായത്തുകളില്‍ അതത് തദ്ദേശസ്ഥാപനത്തിന്റെ സഹായത്തോടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്ന് (ഇമ്യൂണിറ്റി ബൂസ്റ്റര്‍) വിതരണം വ്യാപകമായി നടത്താന്‍ നടപടി സ്വീകരിക്കുമെന്ന് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.ബിജുകുമാര്‍ അറിയിച്ചു.
പട്ടിക ജാതി, പട്ടിക വര്‍ഗ കോളനികള്‍, ട്രൈബല്‍ സെറ്റില്‍മെന്റുകള്‍ എന്നിവിടങ്ങളില്‍ അതത് പാഞ്ചായത്തുകളുമായി ബന്ധപ്പെട്ട് ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം ഉറപ്പാക്കുകയും അനുബന്ധ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും. തദ്ദേശസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ആശാ പ്രവര്‍ത്തകര്‍ / ആരോഗ്യ പ്രവര്‍ത്തകര്‍ മുഖേന വീടുകളില്‍ മരുന്ന് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്.
ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് ലഭ്യത, പോസ്റ്റ് കോവിഡ് ഹോമിയോപ്പതി ചികിത്സ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി ഹോമിയോപ്പതി പത്തനംതിട്ട ജില്ലാ കോവിഡ് റെസ്പോണ്‍സ് സെല്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്കു വിളിക്കാമെന്നും ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. (ഹോമിയോപ്പതി പത്തനംതിട്ട ജില്ലാ കോവിഡ് റെസ്പോണ്‍സ് സെല്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ 9447040126, 9447040127).