ബഗ്ദാദ് : ഇറാഖിലെ ബഗ്ദാദില്‍ ഇബ്‌നുല്‍ ഖത്തീബ് കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 82 ആയി. 110 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലാണ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ 58 പേര്‍ മരിച്ചുവെന്നായിരുന്നു നേരത്തെ വാര്‍ത്ത വന്നിരുന്നത്.
30 കൊവിഡ് രോഗികളാണ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്നത്. രോഗികളുടെ കിടക്കകള്‍ക്കരികില്‍ നിരവധി ബന്ധുക്കളുമുണ്ടായിരുന്നു. ഫയര്‍ഫോഴ്‌സെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആശുപത്രി അധികൃതരുടെ അശ്രദ്ധയാണ് തീപിടുത്തത്തിനു കാരണമെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ആശുപത്രി മേധാവിയെ പുറത്താക്കാനും നടപടി സ്വീകരിക്കാനും പ്രധാനമന്ത്രി മുസ്തഫ അല്‍ കഥിമി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.