റിയാദ് : സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചവരില്‍ 55 ശതമാനം സ്ത്രീകളാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദല്‍ അലി. വാക്‌സിന്‍ സ്വീകരിച്ച സ്ത്രീകളുടെ എണ്ണം പ്രതീക്ഷിച്ചതിലും കുറവാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2021ന് തുടക്കത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ രോഗവ്യാപനം ഉയര്‍ന്നിട്ടുണ്ട്. വാക്‌സിനുകളുടെ ഫലപ്രാപ്തിയും സുരക്ഷയും ഉയര്‍ന്നതാണ്. എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാന്‍ മുമ്പോട്ട് വരണമെന്നും ഡോ. മുഹമ്മദ് അബ്ദല്‍ അലി പറഞ്ഞു. രാജ്യത്ത് 62 ലക്ഷത്തിലധികം ആളുകളാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ മുൻകരുതൽ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച ഉണ്ടായാല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
കൊവിഡ് നിരക്ക് കൂടിവരുന്നത് കൂടുതൽ നിയന്ത്രണങ്ങളിലേക്കും നടപടികളിലേക്കും നയിച്ചേക്കും. ചില പ്രവർത്തന മേഖലകൾ നിർത്തിവെക്കുക, ചില ജില്ലകളിലേക്കും പട്ടണങ്ങളിലേക്കും പോക്കുവരവുകൾ തടയുക തുടങ്ങിയ നടപടികൾ വേണ്ടി വന്നേക്കാമെന്നും വക്താവ് പറഞ്ഞു. ഒരാഴ്ചക്കിടയിൽ രാജ്യത്തെ വിവിധ മേഖലകളിൽ നിന്ന് കൊവിഡ് മുൻകരുതൽ നപടികൾ ലംഘിച്ച 27,000 കേസുകൾ പിടികൂടിയിട്ടുണ്ട്. അലംഭാവത്തിന് ഇടമില്ല. എല്ലാവരും മുൻകരുതൽ നടപടികൾ പാലിക്കണം. സമൂഹ മാധ്യമങ്ങളിലും ചില നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിനെ ശിക്ഷാ നടപടികളുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയ സുരക്ഷ വക്താവ് കേണൽ തലാൽ അൽ ഷൽഹോബ് പറഞ്ഞു.