ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നും രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷത്തിനു മുകളിലാണ്. 24 മണിക്കൂറിനിടെ 4,01,522 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4187 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷത്തിനു മുകളില്‍ എത്തിയിരിക്കുന്നത്.
ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,1893120 ആയി ഉയര്‍ന്നു. രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളം ഉള്‍പ്പടെ പതിനൊന്നില്‍ അധികം സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഡല്‍ഹി, ഹരിയാന , ബിഹാര്‍ , യുപി, ഒഡീഷ , രാജസ്ഥാന്‍, കര്‍ണാടക, ഝാര്‍ഖണ്ഡ് , ഛത്തീസ്ഗഡ് , ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളില്‍ രാത്രികാല, വാരാന്ത്യ കര്‍ഫ്യൂവും നിലനില്‍ക്കുന്നുണ്ട്.
കര്‍ണാടകയില്‍ 48,781 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശില്‍ 28,076 പേര്‍ക്കും തമിഴ്നാട്ടില്‍ 26465 പേരും രോഗബാധിതരായി. മഹാരാഷ്ട്രയില്‍ മാറ്റമില്ലാതെ കോവിഡ് വ്യാപനം തടരുന്നു. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഇന്നും അര ലക്ഷത്തിന് മുകളില്‍. 54,022 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.