ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90,04,365 ആയി. ഇന്നലെ 584 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 1,32,162 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവില്‍ രാജ്യത്ത് 4,43,794 പേര്‍ ചികിത്സയിലുണ്ട്. 84,28,409 പേര്‍ ഇതുവരെ കോവിഡ് രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 12,95,91,786 കോവിഡ് പരിശോധനകള്‍ നടത്തി. ഇതില്‍ 10,83,397 സാമ്പിളുകളും ഇന്നലെയാണ് പരിശോധിച്ചതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.
അതേസമയം കോവിഡ് വാക്‌സിന്‍ രാജ്യത്ത് ഫെബ്രുവരിയോടെ വിതരണത്തിന് എത്തുമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുക. ഏപ്രിലോടെ ബാക്കിയുള്ളവര്‍ക്കും കോവിഡ് വാക്സിന്‍ വിതരണത്തിനായി എത്തിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. വാക്‌സിന്റെ രണ്ട് ഡോസിന് പരമാവധി 1000 രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് സിറം അറിയിച്ചു.
കോവിഡ് മഹാമാരിയിൽ ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവുമധികം തകർച്ച നേരിടുക ഇന്ത്യയായിരിക്കുമെന്ന് ഓക്സ്ഫഡ് ഇക്കണോമിക്സ്. രാജ്യത്തിന്റെ ജിഡിപി 12 ശതമാനം ചുരുങ്ങുമെന്നാണ് വിലയിരുത്തൽ. കോവിഡിന്റെ ശക്തി ക്ഷയിച്ചുകഴിഞ്ഞാലും അടുത്ത അഞ്ച് വർഷത്തേക്ക് രാജ്യത്തിന് 4.5 ശതമാനത്തിൽ കൂടുതൽ വളർച്ച കൈവരിക്കാനാകുമെന്ന് കരുതാനാകില്ലെന്ന് സൗത്ത് ഈസ്റ്റ് ഏഷ്യ വിഭാഗം മേധാവി പ്രിയങ്ക കിഷോർ പറഞ്ഞു. വൈറസ് വ്യാപനത്തിന് മുമ്പ് 6.5 ശതമാനം വളർച്ച നേടിയിരുന്ന സ്ഥാനത്താണിതെന്ന് അവർ ചൂണ്ടിക്കാട്ടി.
കോർപറേറ്റ് കമ്പനികൾ നേരിടുന്ന നഷ്ടവും കിട്ടാക്കടത്തിന്റെ ഉയർച്ചയും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ തകർച്ചയും തൊഴിൽ വിപണിയിലെ ദൗർബല്യവും എളുപ്പം മറികടക്കാനാകില്ല. കേന്ദ്രസർക്കാരിന്റെ അപ്രതീക്ഷിതമായ ലോക്ഡൗൺ പ്രഖ്യാപനം സാമ്പത്തിക പ്രവർത്തനങ്ങളെയെല്ലാം പ്രതികൂലമായി ബാധിച്ചു. വളർച്ചയെ സഹായിക്കുന്നതിനുള്ള നടപടികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിപണിയിൽ ആവശ്യകത വർധിപ്പിക്കുന്നതിന് സഹായകരമായിട്ടില്ല.