ന്യൂഡല്‍ഹി : കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റെക്കോഡ് ചെയ്തത് നാൽപ്പതിനായിരത്തിലധികം കോവിഡ് കേസുകൾ. 40,425 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനകം 681 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 27,497 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം പതിനൊന്ന് ലക്ഷം (11,18,043) കവിയുകയും ചെയ്തിട്ടുണ്ട്.
അതായത് രാജ്യത്തെ കോവിഡ് രോഗബാധിതരുടെ ആകെ കണക്ക് പത്ത് ലക്ഷം പിന്നിട്ട് മൂന്ന് ദിവസം പിന്നിടുമ്പോഴേയ്ക്ക് എണ്ണം ഒരു ലക്ഷം കൂടി ചേർത്ത് പതിനൊന്ന് ലക്ഷം കടന്ന് കുതിയ്ക്കുകയാണ്. ഇതിനെല്ലാമിടയിലും രാജ്യത്തെ രോഗമുക്തി നിരക്ക് താരതമ്യേന മെച്ചപ്പെട്ട നിലയിലാണെന്നതാണ് ആശ്വാസകരമായ കാര്യം. 11 ലക്ഷം രോഗബാധിതരിൽ ഏതാണ്ട് ഏഴ് ലക്ഷം പേരും രോഗമുക്തരായിട്ടുണ്ട്. 7,00,087 പേരാണ് ആകെ രോഗമുക്തരായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പറയുന്നു. അതായത് രോഗം ബാധിച്ചവരിൽ ഏതാണ്ട് 62.61 ശതമാനം പേർക്കും രോഗമുക്തിയുണ്ടായി.