ദില്ലി : വാക്‌സീന്‍ എടുത്താല്‍ കോവിഡ് വരാതെ ഇരിക്കുമെന്നും വന്നാലും തീവ്രമായി രോഗബാധയുണ്ടാകില്ലെന്നും ശാസ്ത്രലോകം ഒരേ സ്വരത്തില്‍ പറയുന്നു. അപ്പോഴും വാക്‌സീന്‍ എടുത്തയാള്‍ക്ക് രോഗം പരത്താനാകുമോ എന്നതിനെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല. എന്നാല്‍ ഫൈസറിന്റെയോ ആസ്ട്ര സെനകയുടെയോ ഒരു ഡോസ് വാക്‌സീന്‍ എടുത്തയാളില്‍ നിന്നു കുടുംബത്തില്‍ ആര്‍ക്കെങ്കിലും കൊറോണ വൈറസ് പകരാനുള്ള സാധ്യത 50 ശതമാനം വരെ കുറയുമെന്ന് പുതിയ പഠനത്തില്‍ കണ്ടെത്തി.
വാക്‌സീന്റെ ആദ്യ ഡോസ് എടുത്ത് മൂന്നാഴ്ചകള്‍ക്ക് ശേഷം വൈറസ് ബാധിക്കുന്ന ഒരാള്‍ വീട്ടുകാരിലേക്ക് അത് പകര്‍ന്ന് കൊടുക്കാനുള്ള സാധ്യത വാക്‌സീന്‍ എടുക്കാത്തയാളെ അപേക്ഷിച്ച് 38 മുതല്‍ 49 ശതമാനം വരെ കുറവാണെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് നടത്തിയ പഠനം പറയുന്നത്. വാക്‌സീന്‍ വൈറസ് വ്യാപനം കുറയ്ക്കുമെന്ന ഈ വാര്‍ത്ത പ്രതീക്ഷ പകരുന്നതാണെന്ന് ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പറയുന്നു.
24,000 കുടുംബങ്ങളില്‍ വാക്‌സീന്‍ എടുത്തവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 57,000 കുടുംബാംഗങ്ങളുടെ ഡേറ്റ വാക്‌സീന്‍ എടുക്കാത്തവരുടെ സമ്പര്‍ക്കത്തിലുള്ള 10 ലക്ഷം പേരുമായി താരതമ്യം ചെയ്തായിരുന്നു ഗവേഷണം. ആദ്യ ഡോസ് വാക്‌സീന്‍ എടുത്ത് നാലാഴ്ചയ്ക്ക് ശേഷം രോഗലക്ഷണങ്ങളോട് കൂടിയ കോവിഡ് അണുബാധയുണ്ടാകാനുള്ള സാധ്യത 65 ശതമാനം കുറവായിരിക്കുമെന്ന് മുന്‍പ് നടന്ന പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.
രോഗവ്യാപനത്തിന്റെ കാര്യത്തില്‍ ഉയര്‍ന്ന റിസ്‌ക് പുലര്‍ത്തുന്ന ഇടങ്ങളാണ് കുടുംബങ്ങള്‍. ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍ പോലുള്ള പങ്കുവയ്ക്കപ്പെടുന്ന താമസ സ്ഥലങ്ങള്‍, ജയിലുകള്‍ തുടങ്ങിയ ഇടങ്ങളിലും സമാനമായ ഫലം വാക്‌സീന് നല്‍കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. ബ്രിട്ടനിലെ ഫലപ്രദമായ വാക്‌സിനേഷന്‍ മാര്‍ച്ച് അവസാനത്തോടെ 60ന് മുകളില്‍ പ്രായമുള്ള 10,400 പേരുടെ മരണം ഒഴിവാക്കിയെന്നും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് നടത്തിയ മറ്റൊരു പഠനത്തില്‍ കണ്ടെത്തിയിരുന്നു.