ന്യൂഡല്‍ഹി: രാജ്യത്തൊട്ടാകെയുള്ള എഞ്ചിനീയറിംഗ് കോളേജുകളില്‍ പ്രവേശനം നേടുന്നതിനുള്ള ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (ജെഇഇ) ജനുവരിയില്‍ നിന്നും ഫെബ്രുവരിയിലേക്ക് മാറ്റാന്‍ സാധ്യത. എഞ്ചിനീയറിംഗ് പ്രവേശനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതിനാല്‍ 2021 ലെ ജെഇഇ-മെയിന്‍ ഫെബ്രുവരിയിലേക്ക് മാറ്റിവെക്കാനാണ് സാധ്യതയെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. റാങ്കില്‍ സംതൃപ്തരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഇത് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷയുടെ തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. അപേക്ഷാ പ്രക്രിയ അടുത്ത മാസം ആരംഭിക്കും. വിവിധ ബിരുദ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയതല മത്സരപരീക്ഷയാണ് ജെഇഇ-മെയിന്‍, ഐഐടികളിലേക്കുള്ള പ്രവേശനത്തിനുള്ള ജെഇഇ-അഡ്വാന്‍സ്ഡ് യോഗ്യതാ പരീക്ഷ ഉള്‍പ്പെടെ ജനുവരി, ഏപ്രില്‍ മാസങ്ങളില്‍ രണ്ടുതവണയായിട്ടാണ് നടത്തുന്നത്. കൊവിഡ് സാഹചര്യം കാരണം ഏപ്രില്‍ പരീക്ഷ ഈ വര്‍ഷം രണ്ടുതവണ മാറ്റിവെച്ച് സെപ്റ്റംബറിലാണ് നടത്തിയത്.
അതേസമയം ജെഇഇ-മെയിന്‍ ഫെബ്രുവരിയിലേക്ക് മാറ്റുന്നത് മറ്റ് മത്സരപരീക്ഷകളെയും ബോര്‍ഡ് പരീക്ഷകളെയും ബാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഐഐടികള്‍, എന്‍ഐടികള്‍, കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങള്‍ (സിഎഫ്ടിഐ) എന്നിവയില്‍ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്ക് പ്രവേശനത്തിനായി ഈ വര്‍ഷം മൊത്തം 8.58 ലക്ഷം പേര്‍ ജെഇഇ-മെയിന്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവരില്‍ 74 ശതമാനം പേര്‍ മാത്രമാണ് പരീക്ഷയെഴുതിയത്.