കോന്നി : പ്രമാടത്ത് വിവാഹ സല്‍ക്കാരത്തിൽ പങ്കെടുത്തയാൾക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ കൂടുതൽ പേർ നിരീക്ഷണത്തിൽ പോകുവാൻ സാധ്യത. കഴിഞ്ഞ ആഴ്ച്ചയാണ് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽപ്പെട്ട മറൂർ കുളപ്പാറ ധർമ്മശാസ്ത ക്ഷേത്രത്തിനു സമീപം താമസിക്കുന്ന യുവാവിന്റെ വിവാഹം നടന്നത്. വിവാഹം കല്ലറക്കടവിലാണ് നടന്നതെങ്കിലും വിവാഹ സല്‍ക്കാരം വീട്ടിലാണ് നടന്നത്. ഈ സല്‍ക്കാരത്തിൽ പങ്കെടുത്ത കുളത്തുമൺ സ്വദേശിക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.
കുമ്പഴ മത്സ്യ മാർക്കറ്റിലും കടയിലും ജോലി ചെയ്യുന്ന ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് വിവാഹ സല്‍ക്കാരത്തിൽ പങ്കെടുത്തത്. രോഗബാധിതനായ ഇയാൾ വലഞ്ചൂഴിയിലെ ബന്ധുവീട്ടിലും പോയിരുന്നു. ഇദ്ദേഹവുമായി ബന്ധപ്പെട്ട സമ്പർക്ക പട്ടികയിൽ വധൂവരൻമാർ അടക്കം ഇരുപത്തിരണ്ട് പേരാണുള്ളത്. എന്നാൽ ഇവർ സമ്പർക്കം പുലർത്തിയ കൂടുതൽ ആളുകളുടെ പട്ടിക ഇനിയും പുറത്ത് വരാനുണ്ട്. പ്രാഥമിക സമ്പർക്ക പട്ടികയ്ക്ക് പുറമേ ഇദ്ദേഹം സല്‍ക്കാരത്തിന് എത്തിയ സമയം വീട്ടിൽ ഉണ്ടായിരുന്നവരും സമ്പർക്കം പുലർത്തിയവരും വിവരം അറിയിക്കണമെന്നും ഇവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.