കോന്നി : കൊവിഡ് വ്യാപനം ശക്തമാകുമ്പോഴും കോന്നിയിൽ തിരക്കിന് ഒട്ടും കുറവില്ല. പോലീസും ബന്ധപ്പെട്ട വകുപ്പുകളും ഉച്ചഭാഷിണി ഉപയോഗിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ഇതൊന്നും ജനങ്ങള്‍ വക വെക്കുന്നില്ല. നേരം വെളുത്താല്‍ കോന്നിയില്‍ ഒന്നുകറങ്ങി പോയില്ലെങ്കില്‍ എന്ത് കോന്നീക്കാരന്‍ എന്നാണ് മിക്കവരുടെയും ചിന്ത.
പകല്‍ വന്‍ തിരക്കാണ് കോന്നിയില്‍. വ്യാപാരസ്ഥാപനങ്ങളില്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കുന്നില്ല. ജനങ്ങള്‍ അതിനു സമ്മതിക്കുന്നില്ല എന്നതാണ് സത്യം. മിക്ക കടകളിലും ആള്‍ക്കൂട്ടമാണ്. വ്യാപാരസ്ഥാപനങ്ങളിലെ കയറ്റിയിറക്ക് തൊഴിലാളികളില്‍ മിക്കവരും മാസ്ക് കഴുത്തിലാണ് അണിയുന്നത്. മദ്യം വാങ്ങാനെത്തുന്നവരുടെ തിരക്ക് വിവരിക്കാന്‍ കഴിയില്ല. ഈ ഭാഗം എപ്പോഴും ഉത്സവപ്പറമ്പ് പോലെയാണ്. ഇതൊക്കെ കണ്ടാലും മുഖംതിരിച്ചു പോകുകയാണ് പോലീസ്. എന്തിന് പറഞ്ഞു മുഷിപ്പിക്കണം, അനുഭവിക്കട്ടെ എന്ന നിസ്സംഗത. എന്നാല്‍ ദിനംപ്രതി കൊവിഡ് രോഗികള്‍ പെരുകുന്ന കോന്നിയില്‍ ഇത് വന്‍ വിപത്തിന് വഴിയൊരുക്കുമെന്ന കാര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും ആശങ്ക പങ്കുവെക്കുന്നു.
തിരക്ക് നിയന്ത്രിക്കുവാന്‍ പോലീസോ കോന്നി ഗ്രാമപഞ്ചായത് അധികൃതരോ ഫലപ്രദമായ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. മലയോര മേഖലയിൽ ഉൾപ്പെടെ ഇപ്പോൾ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ഏറെ ഭീതിയിലാണ്. കൊവിഡ് സ്ഥിരീകരിച്ച പലയാളുകളുടേയും സമ്പർക്ക പട്ടിക ഇനിയും വ്യക്തമാകേണ്ടതുണ്ട്. രോഗിയുമായി സമ്പര്‍ക്കം ഉണ്ടായിട്ടുള്ള പലരും നിരീക്ഷണത്തില്‍ പോകാതെ പുറത്ത് കറങ്ങിനടക്കുകയാണ്. ഇത് കൂടുതല്‍ രോഗവ്യാപനത്തിന് കാരണമാകും. കൊവിഡ് സമ്പര്‍ക്ക വ്യാപനത്തിന്റെ തോത് ദിവസം തോറും കോന്നിയിൽ കൂടി വരികയാണ്. ഒരുദിവസം അഞ്ചിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ച സംഭവങ്ങളും കോന്നിയിലുണ്ട്. ജനത്തിരക്ക് ഇതുപോലെ തുടരുകയാണെങ്കില്‍ കോന്നി മറ്റൊരു ധാരാവി ആകുമെന്നതില്‍ സംശയമില്ല.