പാരിസ് : പുരുഷന്മാരിലെ കോവിഡ് ബാധ ബീജത്തിന്റെ ആരോഗ്യത്തേയും പ്രത്യുത്പാദന ശേഷിയേയും ബാധിക്കുമെന്ന് പഠനം. ജര്‍മനിയിലെ ജസ്റ്റസ് ലീബിഗ് സര്‍വകലാശാലയാണ് പരീക്ഷണ-നിരീക്ഷണ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തി പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബീജങ്ങള്‍ നശിച്ചുപോവുക, ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് വര്‍ധിക്കുക, നീര്‍വീക്കം കൂട്ടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ കോവിഡ് ബാധമൂലം ഉണ്ടായേക്കാം. ഇത് പുരുഷന്മാരുടെ പ്രത്യുത്പാദനശേഷിയെ ബാധിക്കുമെന്നാണ് പഠനം പറയുന്നത്. എന്നാല്‍ പ്രത്യുത്പാദന ശേഷിയെ ബാധിക്കാന്‍ കൊറോണ വൈറസിന്റെ കഴിവ് എത്രത്തോളമാണെന്ന് വ്യക്തമല്ലെന്നും പഠനം പറയുന്നു.
84 പുരുഷന്മാരില്‍ 60 ദിവസം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും പഠനം പറയുന്നു. കോവിഡ് ബാധിച്ച 84 പേരേയും കോവിഡ് ബാധിതരല്ലാത്ത 105 പേരേയും ചേര്‍ത്താണ് പഠനം നടത്തിയത്. കൊറോണ വൈറസ് ബീജത്തിലുണ്ടാക്കുന്ന ആഘാതം പ്രത്യുത്പാദനശേഷിയേയും ബീജത്തിന്റെ ഗുണനിലവാരത്തേയും ബാധിക്കുമെന്ന് വ്യക്തമായതായി പഠനത്തിന് നേതൃത്വം നല്‍കിയ ബെഹ്‌സാത് ഹജിസദേഹ് മലേകി പറഞ്ഞു. കോവിഡ് ബാധ പുരുഷന്മാരിലെ പ്രത്യുത്പാദന ഹോര്‍മോണുകളേയും ബീജത്തിന്റെ വളര്‍ച്ചയേയും അവയവങ്ങളേയും ബാധിക്കുമെന്ന പഠനങ്ങള്‍ നേരത്തേയും പുറത്തുവന്നിരുന്നു.