ഇടുക്കി : കൊവിഡ് രോഗ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൂന്നാറില്‍ ഓക്സിജന്‍ പാര്‍ലറും ഐസിയുവും ഒരുക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ഇടപെടല്‍. മൂന്നാര്‍ പഞ്ചായത്തും ടാറ്റ ജനറല്‍ ആശുപത്രിയുമായി സഹകരിച്ചാണ് ക്രമീകരണം ഒരുക്കുക.
കൊവിഡ് രണ്ടാംതരംഗത്തില്‍ രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് മൂന്നാര്‍ കേന്ദ്രീകരിച്ച് ഓക്സിജന്‍ പാര്‍ലറും ഐസിയുവും ഒരുക്കാന്‍ തീരുമാനമെടുത്തത്. മൂന്നാര്‍ ശിക്ഷക് സദനിലും കെഡിഎച്ച്പി സ്‌കൗട്ട് സെന്ററിലും ഇതിനായി ക്രമീകരണമൊരുക്കാനാണ് തീരുമാനം. 45ബെഡുകള്‍ ഇവിടങ്ങളില്‍ ക്രമീകരിക്കും.
ഇതിന് വേണ്ടുന്ന തയ്യാറെടുപ്പുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മുമ്പോട്ട് പോകുകയാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മൂന്നാറടങ്ങുന്ന തോട്ടംമേഖലയില്‍ ചികിത്സാ സൗകര്യങ്ങള്‍ക്കുള്ള പരിമിതി മുന്നില്‍ക്കണ്ടാണ് സൗകര്യമൊരുക്കുന്നത്. നിലവില്‍ ശിക്ഷക് സദനില്‍ ഡൊമിസലറി കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.