ചെന്നൈ: ബ്രിട്ടനില്‍ നിന്ന് ചെന്നൈയിലെത്തിയ ഒരു യാത്രക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. വൈറസിന്‍റെ പുതിയ വകഭേദമാണോയെന്ന് തിരിച്ചറിയാന്‍ സാമ്പിള്‍ എന്‍ഐവി പൂനെയിലേക്ക് അയച്ചു. രോഗി നിരീക്ഷണത്തില്‍ കഴിയുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്നാട് ആരോഗ്യ വിഭാഗം വ്യക്തമാക്കി.
അതേസമയം അതിവേഗ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ബ്രിടനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചൊവ്വാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബ്രിട്ടനിലേക്ക് ഡിസംബര്‍ 31 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി.
ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായി വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാകണമെന്നും ക്വാറന്റീനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്. ബ്രിട്ടനില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന് നിര്‍ബന്ധമാക്കിക്കൊണ്ട് ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി.