കൊച്ചി: വൈദ്യശാസ്ത്ര രംഗത്ത് അത്യപൂര്‍വ നേട്ടമായി കോവിഡ്19 പോസിറ്റീവായ രോഗിയുടെ ഇരു ശ്വാസകോശങ്ങളും സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ വിജയകരമായി മാറ്റിവെച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കോവിഡ് രോഗിയില്‍ ഈ ശസ്ത്രക്രിയാ വിജയം.
ചെന്നൈയിലെ എംജിഎം ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയിലാണ് ഗാസിയാബാദ് സ്വദേശിയായ 48കാരന്റെ ശസ്ത്രക്രിയ നടന്നത്. ലോകത്ത് വിരലിലെണ്ണാവുന്ന എണ്ണം മാത്രമെ ഈ ശസ്ത്രക്രിയ കോവിഡ് രോഗികളില്‍ വിജയകരമായി നടന്നിട്ടുള്ളൂ. എംജിഎം ഹെല്‍ത്ത് കെയറിലെ ശ്വാസകോശ ശസ്ത്രക്രിയാ വിഭാഗം തലവന്‍ ഡോ. കെ ആര്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 27നാണ് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ നടന്നത്. കോവിഡ് ബാധിച്ച് ആരോഗ്യ നിലവഷളായ യുവാവിനെ ഇരു ശ്വാസകോശങ്ങളിലും കടുത്ത അണുബാധയുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗാസിയാബാദില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ജൂലൈ 20നാണ് വെന്റിലേറ്ററിലായിരുന്ന യുവാവിനെ വിമാന മാര്‍ഗം ചെന്നൈയിലെ ആശുപത്രിയില്‍ എത്തിച്ചത്. യുവാവിന്റെ ഇരു ശ്വാസകോശങ്ങളും പ്രവര്‍ത്തനം നിലച്ചതിനാല്‍ ഇസിഎംഒ സഹായത്തോടെ ശ്വാസോച്ഛോസം നിലനിര്‍ത്തി വരികയായിരുന്നു. ഒരു മാസമായി യുവാവിന്റെ ജീവന്‍ നിലനിര്‍ത്തിയത് ഇങ്ങനെയാണ്. കോവിഡ് രോഗി ആയതിനാല്‍ ശസ്ത്രക്രിയയും അതി സങ്കീര്‍ണമായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം യുവാവിന്റെ മാറ്റിവെച്ച ഇരു ശ്വാസകോശങ്ങളും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡോ. ബാലകൃഷ്ണന്‍ പറഞ്ഞു.
ശ്വാസകോശങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ യുവാവിനെ ഇസിഎംഒയില്‍ നിന്നു മാറ്റി. ഇപ്പോള്‍ ആരോഗ്യ നില തൃപ്തികരമാണെന്ന് ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാര്‍ട്ട് ആന്റ് ലംഗ് ട്രാന്‍സ്പ്ലാന്റ് കോ ഓഡിനേറ്റര്‍ ഡോ. സുരേഷ് റാവു പറഞ്ഞു. ഈ കോവിഡ് രോഗിക്ക് ശ്വാസകോശം ദാനംചെയ്ത വ്യക്തിയുടെ ഹൃദയവും ഇതോടൊപ്പം മറ്റോരാളിലേക്ക് മാറ്റിവെച്ചു. ഈ ശസ്ത്രക്രിയയും വിജയമായെന്ന് ഡോ. സുരേഷ് റാവു അറിയിച്ചു.