കൊച്ചി: സംസ്ഥാനത്ത് ഇന്നും ആശ്വാസദിനമാണ്. തുടര്‍ച്ചയായ രണ്ടാംദിനവും ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് 61 പേര്‍ രോഗമുക്തി നേടുകയും ചെയ്തതോടെ സംസ്ഥാനത്ത് ഇനി വെറും 34 പേര്‍ മാത്രമാണ് കൊവിഡ് ചികിത്സയിലുള്ളത്. 499 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനത്ത് 462 പേരാണ് ഇതുവരെയും കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളില്ലെന്നതും ആശ്വാസമേകുന്ന വാര്‍ത്തയാണ്. സംസ്ഥാനത്ത് ഇനി 84 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. സംസ്ഥാനത്തെ കൊവിഡ് കണക്കുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കാം.
സംസ്ഥാനത്ത് കൂടുതല്‍ പേര്‍ രോഗമുക്തരായ ദിവസമാണ് ഇന്ന്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 19 പേരും കോട്ടയം ജില്ലയില്‍ നിന്നുള്ള 12 പേരും ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേരും കൊല്ലം ജില്ലയില്‍ നിന്നുള്ള 9 പേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേരും മലപ്പുറം, കാസര്‍കോട്, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കോവിഡ് രോഗികള്‍ ഇല്ലാത്ത ജില്ലയായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ആകെ 21,724 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 62 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 33,010 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 32,315 സാമ്പിളുകളുടെ പരിശോധനാഫലവും നെഗറ്റിവ് ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അന്യസംസ്ഥാന തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2431 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1846 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്.
ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് നിരീക്ഷണത്തിലുള്ളത് പാലക്കാട് ജില്ലയിലാണ്. 3052 പേരാണ് ഇവിടെ നിരീക്ഷണത്തില്‍ കഴിയുന്നത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 3005 ആണ്. ജില്ലയില്‍ 47 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് 15 പേരെയാണ് ഇവിടെ ഇന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. പാലക്കാട് കഴിഞ്ഞാല്‍ തിരുവനന്തപുരത്താണ് കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത്. 2774 പേരാണ് ഇവിടെ ആകെ നിരീക്ഷണത്തില്‍ കഴിയുന്നത്. വീടുകളില്‍ 2715 പേരും, ആശുപത്രിയില്‍ 59 പേരുമാണുള്ളത്. ഇന്ന് 9 പേരെയാണ് ഇവിടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.
സംസ്ഥാനത്ത് കൊറോണ നീരീക്ഷണത്തില്‍ ഏറ്റവും കുറവ് ആളുകള്‍ കഴിയുന്ന ജില്ല പത്തനംതിട്ടയാണ്. 120 ആളുകള്‍ മാത്രമാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. 124 ആളുകള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍, 6 പേരാണ് ആശുപത്രിയിലുള്ളത്. ഇവരില്‍ മൂന്ന് പേരെയും ഇന്നാണ് അഡ്മിറ്റ് ചെയ്തത്. പത്തനംതിട്ടയ്ക്ക് പിന്നില്‍ 889 പേരുള്ള എറണാകുളമാണ് കുറച്ച് ആളുകളെ നിരീക്ഷണത്തിലാക്കിയത്. ഇവിടെ 864 പേരും വീടുകളില്‍ തന്നെയാണ് കഴിയുന്നത്. ആശുപത്രികളിലുള്ള 25 പേരില്‍ ഒരാളെ ഇന്നാണ് അഡ്മിറ്റ് ചെയ്തത്.
ഏറ്റവും കുടുതല്‍ പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് കണ്ണൂരാണ്. 72 പേരാണ് ഇവിടെ അഡ്മിറ്റായിരിക്കുന്നത്. ഇന്ന് 2 പേരെയാണ് ഇവിടെ അഡ്മിറ്റ് ചെയ്തതിട്ടുള്ളത്. കണ്ണൂര് വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2478 ആണ്. കണ്ണൂര് കഴിഞ്ഞാല്‍ കൂടുതല്‍പേര്‍ ആശുപത്രിയിലുള്ളത് തിരുവനന്തപുരത്താണ്. 59 പേരാണ് ഇവിടെ അഡ്മിറ്റ് ചെയ്യപ്പെട്ടത്. ഇന്ന് 9 പേരെയാണ് ഇവിടെ അഡ്മിറ്റ് ചെയ്തത്. കോഴിക്കോട് 30 പേരും, പാലക്കാട് 47 പേരും കാസര്‍കോട് 25 പേരും ആശുപത്രിയിലുണ്ട്.
ജില്ലകളില്‍ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം (ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം) എന്ന ക്രമത്തില്‍ – തിരുവനന്തപുരം 2774 (59), കൊല്ലം 1796 (18), പത്തനംതിട്ട 130 (6), ഇടുക്കി 1615 (17), കോട്ടയം 1742 (18), ആലപ്പുഴ 1325 (13), എറണാകുളം 889 (25), തൃശൂര്‍ 890 (11), പാലക്കാട് 3052 (47), മലപ്പുറം 1661 (21), കോഴിക്കോട് 1029 (30), വയനാട് 900 (10), കണ്ണൂര്‍ 2550 (72), കാസര്‍കോട് 1371 (25).
ഇന്ന് സംസ്ഥാനത്ത് 61 പേര്‍ രോഗമുക്തരായതോടെ കൊവിഡ് മുക്തമായ ജില്ലകളുടെ പട്ടികയില്‍ മൂന്ന് ജില്ലകള്‍ കൂടി ഇടംപിടിച്ചു. തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ചികിത്സയിലായിരുന്ന രണ്ടുപേര്‍ വീതവും കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന നാലുപേരും രോഗമുക്തി നേടിയതോടെയാണ് ജില്ലകള്‍ കൊവിഡ് മുക്തമായത്. വിവിധ ജില്ലകളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ഇങ്ങനെയാണ്. കൊല്ലം3, പത്തനംതിട്ട1, കോട്ടയം6, ഇടുക്കി1, പാലക്കാട്1, വയനാട്1, കണ്ണൂര്‍ 18, കാസര്‍കോട്3