ഡല്‍ഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വർധനവാണുണ്ടാകുന്നത്. മധ്യപ്രദേശിലെ ഉജ്ജയിനിയാണ് മരണനിരക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഉജ്ജയിനിയില്‍ മറ്റു ലോകരാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന മരണനിരക്കാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിലെ മരണനിരക്ക് 3.34 % ആണെങ്കില്‍ ഉജ്ജയിനിയിലെ മരണനിരക്ക് 19.54 % ആണ്. ഇവിടെ കൊവിഡ് സ്ഥിരീകരിച്ച 220 പേരില്‍ 62 പേരും മരിച്ചു. കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും മുന്‍പന്തിയിലുള്ളത് മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നീ നഗരങ്ങളാണ്. എന്നാല്‍ ഇവിടങ്ങളില്‍ മരണനിരക്ക് ഇത്രയധികമില്ല. 3.91 % ആണ് മുംബൈയിലെ മരണനിരക്ക്. ഡല്‍ഹിയില്‍ 1.08 %, അഹമ്മദാബാദില്‍ 6.29 % എന്നിങ്ങനെയാണ് മരണനിരക്ക്. വൈറസ്ബാധ തിരിച്ചറിയുന്നതിനും ചികിത്സ തേടുന്നതിലും ഉള്‍പ്പെടെ വരുന്ന കാലതാമസം അടക്കം പല ഘടകങ്ങള്‍ കൊണ്ടാകാം ഉജ്ജിയിനിയില്‍ മരണനിരക്ക് ഉയരുന്നത്.
അതേസമയം രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കുറയുമ്പോള്‍ മറ്റു ചില സംസ്ഥാനങ്ങള്‍ ഭീതി സൃഷ്ടിക്കുകയാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, മധ്യപ്രദേശ് എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടത്. രാജ്യത്ത് മൂന്നാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും കൊവിഡ് കേസുകള്‍ കുറയാത്തത് വന്‍ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.