വടകര : ഗ്രാമ പഞ്ചായത്ത് അധികൃതര്‍ പരിശോധനക്കെത്തിയപ്പോള്‍ കോവിഡ് ബാധിതരായ ഇതര സംസ്ഥാന തൊഴിലാളികളെ കാണാനില്ല. അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ചോമ്പാല്‍ ഹാര്‍ബറിനോടു ചേര്‍ന്ന് താമസിക്കുന്ന ഒഡിഷ സ്വദേശികളായ 15 പേര്‍ക്കാണ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
തൊഴിലാളികളില്‍ പലരും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെയാണ് കഴിഞ്ഞിരുന്നത്. രോഗബാധിതരായവരുടെ വിവരങ്ങള്‍ അറിയാന്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ എത്തിയപ്പോള്‍ സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. അന്വേഷണത്തില്‍ ഇവര്‍ നാട്ടിലേക്കു തിരിച്ചതായാണ് വിവരം ലഭിച്ചത്.
തീരദേശത്ത് കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അധികൃതര്‍ പരിശോധന കര്‍ശനമാക്കി. ഹാര്‍ബറില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെയും സെക്ടറല്‍ മജിസ്ട്രേട്ടിന്റെയും പരിശോധനക്കിടെ തട്ടിക്കയറിയവര്ക്കെതിരെ ചോമ്പാല പോലീസില്‍ പരാതി നല്കി. അഴിയൂരില്‍ ഒരാഴ്ചക്കിടെ നൂറില്‍പരം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 12ാം വാര്‍ഡ് നിയന്ത്രിത മേഖലയാക്കി.