തിരുവനന്തപുരം: തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് പോലീസ് ഇന്ന് മുതല്‍ കോവിഡ് പ്രതിരോധം കര്‍ശനമാക്കുന്നു. നിയന്ത്രണങ്ങള്‍ക്കൊപ്പം ബോധവല്‍കരണത്തിലും ശ്രദ്ധിക്കാന്‍ തീരുമാനം. ആരോഗ്യ പ്രവര്‍ത്തകരുടെ സഹകരണം ഉറപ്പാക്കാനും ഡി.ജി.പിയുടെ നിര്‍ദ്ദേശം. രോഗികളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിക്കാനും തീരുമാനം.
കോവിഡ് പ്രതിരോധത്തിലെ ഇടപെടലുകള്‍ ശക്തമായി തുടരാന്‍ തീരുമാനിച്ച പോലീസിന്റെ അവലോകന യോഗത്തില്‍ പ്രത്യേക പദ്ധതികളും തയ്യാറാക്കി. നിയന്ത്രണവും ബോധവല്‍കരണവും ഒരുപോലെ നടത്താനാണ് തീരുമാനം. അതിതീവ്ര കോവിഡ് വ്യാപനം നടക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. മലപ്പുറത്ത് ഐ.ജി അശോക് യാദവിനും ഡി.ഐ.ജി കെ.സുരേന്ദ്രനും തിരുവനന്തപുരത്ത് ഐ.ജി മാരായ ശ്രീജിത്ത് , ഹര്‍ഷിത അട്ടല്ലൂരി എന്നിവര്‍ക്കും ആലപ്പുഴയില്‍ ഡി.ഐ.ജി കാളി രാജ് മഹേഷ് കുമാറിനും പ്രത്യേക ചുമതല നല്‍കി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷമാണ് ഡിജിപി ലോക്നാഥ് ബഹറ ടെലിഫോണ്‍ രേഖകള്‍ അഥവാ സിഡിആര്‍ കര്‍ശനമായി ശേഖരിക്കണമെന്ന ഉത്തരവിറക്കിയത്. ബിഎസ്‌എന്‍എലില്‍ നിന്ന് രേഖകള്‍ കൃത്യമായി കിട്ടുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്‍റലിജന്‍സ് എഡിജിപിയെ ചുമതലപ്പെടുത്തി.ചില മേഖലകളില്‍ വോഡഫോണില്‍ നിന്ന് രേഖകള്‍ കൃത്യമായി കിട്ടുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് പരിഹരിക്കണമെന്നും ഡിജിപിയുടെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.
നിലവില്‍ കോവിഡ് പോസിറ്റീവായ വ്യക്തിയുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്താന്‍ ബുദ്ധുമുട്ടുള്ള സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരമാണ് സിഡിആര്‍ ശേഖരിക്കുന്നത്. എന്നാല്‍ കോവിഡ് പ്രതിരോധത്തിന്‍റെ ചുമതല പോലീസിന് നല്‍കിയതോടെയാണ് ടെലിഫോണ്‍ രേഖകള്‍ വ്യാപകമായി ശേഖരിക്കാന്‍ നീക്കം തുടങ്ങിയത്. ഒരാള്‍ ക്രിമിനല്‍ കേസില്‍ പ്രതിയാവുകയാണെങ്കില്‍ മാത്രമാണ് സാധാരണ സിഡിആര്‍ എടുക്കാറുള്ളത്. രോഗിയായതിന്‍റെ പേരില്‍ ഒരാളുടെ ടെലിഫോണ്‍ രേഖകള്‍ പോലീസ് ശേഖരിക്കുന്നത് മൗലികാവകാശലംഘനമാണെന്ന ആക്ഷേപം ശക്തമാവുകയാണ്.