ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപനം അടക്കമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനാകും. ലോക്‌സഭയിലെയും രാജ്യസഭയിലേയും കക്ഷി നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ വിര്‍ച്വല്‍ ആയിട്ടായിരിക്കും യോഗം ചേരുക. കോവിഡ് വാക്‌സിന്‍ പുരോഗതി അടക്കമുള്ള വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും. വാക്‌സിന്‍ വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങളോട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ രാജ്യത്ത് 38,772 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 94,31,696 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 443 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,37,139 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവര്‍ 4,46,952 ആണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.