കൊല്ലം : കൊല്ലത്ത് ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ നിന്ന് നെഗറ്റീവാണെന്ന് പറഞ്ഞ് വിട്ടയച്ചയാള്‍ക്ക് കോവിഡ് പോസിറ്റീവ്. കൊല്ലം പടപ്പക്കര സ്വദേശിക്കാണ് പോസിറ്റീവായത്. യാത്രക്കിടെ ഇദ്ദേഹം കയറിയ കുണ്ടറയിലെ ബാങ്കും എടിഎമ്മും പൂട്ടി. ഇദ്ദേഹത്തെ വിട്ടയച്ച് അരമണിക്കൂറിനിടെ പോസിറ്റീവായ റിസള്‍ട്ട് വരികയായിരുന്നു.
കരുനാഗപ്പള്ളിയിലെ ക്വാറന്റീന്‍ കേന്ദ്രത്തിലാണ് പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞിരുന്നത്. പതിനാല് ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ഇദ്ദേഹത്തെ പറഞ്ഞയക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് പോകവെയാണ് കുണ്ടറയിലെ ഒരു എടിഎമ്മില്‍ നിന്ന് പണം എടുത്തത്. ബാങ്കിലും കയറി. ബാങ്കില്‍ നിന്ന് പുറത്തിറങ്ങവെയാണ് പോസിറ്റീവാണെന്ന് പറഞ്ഞ് ആരോഗ്യവകുപ്പില്‍ നിന്ന് ഫോണ്‍ വരുന്നത്. പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ബാങ്കും എടിഎമ്മും അടച്ചു. ഇവിടെ അണുനശീകരണം നടത്തുകയാണ്. ഗുരുതരമായ വീഴ്ചയാണ് ഇദ്ദേഹത്തിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്.