പയ്യന്നൂർ : എടാട്ട് താമരംകുളങ്ങരയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ മുകേഷിന് മുന്നിൽ നന്ദി പറയാൻ വാക്കുകളില്ലാതെ വിതുമ്പുകയാണ് അഞ്ചരക്കണ്ടിയിലെ ജിമേഷും ജിജേഷും കൊളച്ചേരിയിലെ മൻസൂറും. ഈ മൂന്നു സുഹൃത്തുക്കളെയും കോവിഡ് മഹാമാരിക്ക് മുന്നിൽ നിന്ന് രക്ഷപെടുത്തി ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയ ആത്മമിത്രമാണ് മുകേഷ്.
നാലുപേരും ബെംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. മുകേഷിന് ബേക്കറി ബിസിനസായിരുന്നു. അടുത്ത ഷോപ്പുകളിലുള്ള സുഹൃത്തുക്കൾ കോവിഡ് ലക്ഷണം കാണിച്ചു തുടങ്ങുകയും കൂട്ടത്തിൽ ഒരാളുടെ നില ഗുരുതരമാവുകയും ചെയ്തു. ബെംഗളൂരുവിലെ ആശുപത്രികളിൽ ബെഡ് കിട്ടില്ലെന്ന് കണ്ടതോടെ മുകേഷ് മൂന്നു പേരെയും തന്റെ കാറിൽ കയറ്റി നാട്ടിലേക്ക് വന്നു. അച്ഛനോടും അമ്മയോടും ചേച്ചിയുടെ വീട്ടിലേക്ക് മാറി താമസിക്കാൻ നിർദേശിച്ച മുകേഷ് മൂന്നു പേരെയും വീട്ടിൽ കൊണ്ടുവന്ന് മുകളിലത്തെ നിലയിൽ താമസിപ്പിച്ചു. അവർക്കു വേണ്ട ഭക്ഷണം പാകം ചെയ്തു നൽകി.
നാലുപേരും ആർടിപിസിആർ ടെസ്റ്റിന് വിധേയരായി. മുകേഷ് ഒഴികെ 3 പേരും പോസിറ്റീവ്. 2 പേരുടെ നില വഷളാകാൻ തുടങ്ങിയതോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം മൂന്നുപേരും നെഗറ്റീവായി. അപ്പോഴേക്കും മുകേഷ് പോസിറ്റീവായി. ഇപ്പോൾ മുകേഷും രോഗമുക്തി നേടി നെഗറ്റീവായി. കോവിഡ് പോസിറ്റീവായിട്ടും ആത്മമിത്രം ചേർത്തു പിടിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് മൂന്നു സുഹൃത്തുക്കളും. ബെംഗളൂരുവിൽ തന്നെയായിരുന്നുവെങ്കിൽ ജീവൻ പോലും നഷ്ടമാകുമെന്ന് ഈ സുഹൃത്തുക്കൾ പറയുന്നു. താമരംകുളങ്ങരയിലെ എം.പി.ഗംഗാധരന്റെ മകനാണ് മുകേഷ്.