പത്തനംതിട്ട : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ച പരീക്ഷകള്‍ ആരംഭിച്ചു. മേയ് 30 വരെയാണു പരീക്ഷകള്‍ നടക്കുക. പത്തനംതിട്ട ജില്ലയില്‍ 168 പരീക്ഷാ കേന്ദ്രങ്ങളിലായി എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി ആകെ 36,394 കുട്ടികളാണു പരീക്ഷയെഴുതുന്നത്.
കോവിഡ് ജാഗ്രതാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് എല്ലാ കുട്ടികളേയും പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ച് പരീക്ഷയെഴുതിക്കുന്നതിനുള്ള കരുതലാര്‍ന്ന മുന്നൊരുക്കങ്ങള്‍ എല്ലാ സ്‌കൂളുകളിലും പൂര്‍ത്തീകരിച്ച് പരീക്ഷകള്‍ ആരംഭിച്ചു. എല്ലാ പരീക്ഷാകേന്ദ്രങ്ങളും പരീക്ഷയ്ക്കു മുന്നോടിയായി ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ അണുവിമുക്തമാക്കിയിരുന്നു. ഓരോ ക്ലാസ് മുറികളിലും രജിസ്റ്റര്‍ നമ്പര്‍ അനുസരിച്ച് കുട്ടികള്‍ കയറുന്നതിനു മുന്‍പായി ഹാന്റ് വാഷ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കി. ടിഷ്യൂ പേപ്പര്‍ നല്‍കി കൈകള്‍ തുടച്ച് ഡസ്റ്റ് ബിന്നില്‍ ടിഷ്യൂ പേപ്പര്‍ നിക്ഷേപിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ തെര്‍മല്‍ സ്‌കാനറുകള്‍ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലുമെത്തിച്ച് എല്ലാ കുട്ടികള്‍ക്കും പരിശോധന നടത്തി. വിദ്യാര്‍ഥികള്‍ക്കുള്ള മാസ്‌ക്കും സാനിറ്റൈസറും നല്‍കിയിട്ടുണ്ട്. ജാഗ്രതാ നിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖയും സ്‌കൂള്‍ കോമ്പൗണ്ടിലും പരീക്ഷാ ഹാളിലും പതിച്ചിട്ടുണ്ട്.
ജില്ലയ്ക്കു പുറത്ത് പരീക്ഷയെഴുതിയിരുന്ന കുട്ടികള്‍ക്ക് അവരുടെ താമസസ്ഥലത്തിനടുത്തുള്ള സ്‌കൂളുകളില്‍ പരീക്ഷയെഴുതാനുള്ള അനുമതി നല്‍കിയിട്ടുള്ളതിനാല്‍ മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികളും ജില്ലയില്‍ ഇപ്പോള്‍ പരീക്ഷയെഴുതുന്നുണ്ട്. വാഹന സൗകര്യമില്ലാത്തതും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കുടുങ്ങിപ്പോയതുമായ കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കുന്നതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ ബസുകളും യാത്രാസൗകര്യത്തിനായി ഒരുക്കിയിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലെയും പി.ടി.എ അംഗങ്ങളും പരീക്ഷാ ഹാളുകളിലെ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ മുന്നില്‍ തന്നെയുണ്ട്.
മാസ്‌ക്ക് ധരിച്ച്, ശാരീരിക അകലം പാലിച്ച് ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍ എന്നിങ്ങനെയുള്ള ക്രമീകരണവും ഓരോ പരീക്ഷാ ഹാളിലുമുണ്ട്. കുടിക്കുന്നതിനായി വെള്ളവും സജീകരിച്ചിട്ടുണ്ട്. പരീക്ഷയ്ക്കുശേഷം കുട്ടികള്‍ നിശ്ചിത അകലം പാലിച്ച്, പതിവ് കൂട്ടംകൂടലും ഹസ്തദാനം പോലുള്ള സ്‌നേഹ പ്രകടനങ്ങളും ഒഴിവാക്കി നിശ്ചയിച്ചിട്ടുളള കവാടത്തിലൂടെ പുറത്തിറങ്ങുന്നതിനായി ജനമൈത്രി പോലീസും സജ്ജമാണ്. ഉത്തര പേപ്പറുകള്‍ നേരിട്ട് സ്പര്‍ശിക്കാതെ പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിക്കും. ഓരോ പരീക്ഷയ്ക്കുശേഷവും പരീക്ഷാ മുറികളും സ്‌കൂള്‍ പരിസരവും അണുവിമുക്തമാക്കും. രക്ഷിതാക്കളുടെയും കുട്ടികളുടെയും സംശയ നിവാരണത്തിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വാര്‍ റൂമും സജീകരിച്ചിട്ടുണ്ട്. വാര്‍ റൂമിലേക്ക് വിളിക്കേണ്ട നമ്പറുകള്‍: 9074625992, 9497692881, 9447407062, 04692600181.