കാക്കനാട് : ബൂത്തുകളില്‍ സൗഹൃദ സംഭാഷണങ്ങളും പരിചയം പുതുക്കലും വേണ്ടെന്ന് ജില്ലാ ഭരണ കൂടത്തിന്റെ കര്‍ശന നിര്‍ദേശം. കോവിഡ് മാനദണ്ഡങ്ങള്‍ വോട്ടെടുപ്പില്‍ കൃത്യമായി പാലിക്കുന്നതിനാണ് ജില്ലാ ഭരണകൂടം ബൂത്തുകളില്‍ സ്വീകരിക്കേണ്ട കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. അടിസ്ഥാനമായി പാലിക്കേണ്ട കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും പതിക്കാനും തീരുമാനിച്ചു.
പോസ്റ്ററിന്റെ പ്രകാശനം ദുരന്തനിവാരണ ഡപ്യൂട്ടി കളക്ടര്‍ എസ്.ഷാജഹാന്‍ നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കാണത്തക്ക വിധമായിരിക്കും പോസ്റ്ററുകള്‍ ബൂത്തുകളില്‍ സ്ഥാപിക്കുക. വോട്ട് രേഖപ്പെടുത്താന്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകള്‍ അണുവിമുക്തമാക്കുന്നതിനായി സാനിറ്റൈസര്‍ നല്‍കും. സാമൂഹ്യ അകലം പാലിക്കുന്നതിനായി ബൂത്തുകളില്‍ ഒരു മീറ്റര്‍ അകലത്തില്‍ പ്രത്യേകം അടയാളങ്ങളും നല്‍കും.