കൊച്ചി: പോളിംഗ് ബൂത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പുവരുത്താന്‍ റോബോട്ട്. എറണാകുളം ഡിസ്റ്റിക് അഡ്മിനിസ്ട്രേഷന്‍ കീഴിലുള്ള കമ്മ്യൂണിറ്റി ഹാളിലെ പോളിംഗ് ബൂത്തിലാണ് അസിമോവ് റോബോട്ടിക്സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സായാബോട്ട് എന്ന റോബോട്ട് വോട്ടര്‍മാര്‍ കോവിഡ് ചട്ടങ്ങള്‍ക്ക് അനുസരിച്ചാണോ എത്തുന്നത് എന്ന് ഉറപ്പുവരുത്തിയത്.
വോട്ടിങ്ങിനായി വരുന്ന വോട്ടര്‍മാരേ പരിശോധിച്ച് മാസ്ക് ധരിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ വേണ്ടവിധം ആണോ ധരിച്ചിരിക്കുന്നത്, ടെമ്പറേച്ചര്‍ നോര്‍മല്‍ ആണോ എന്നൊക്കെ നോക്കും. സാനിറ്റേഷന്‍ ചെയ്തതിനു ശേഷമേ ബൂത്തിലേക്ക് പ്രവേശനം നല്‍കൂ. ഒരു മിനിറ്റില്‍ താഴെ തന്നെ ഇതൊക്കെ പൂര്‍ത്തിയാക്കും. വോട്ടര്‍മാര്‍ക്കും റോബോട്ട് കൗതുകമായി. ശരീരോഷ്മാവ് കൂടുതലാണെങ്കില്‍ പോളിംഗ് ഓഫീസറുമായി ബന്ധപ്പെട്ട് പ്രത്യേകം വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തേടാന്‍ ആവശ്യപ്പെടും.
കൂടാതെ ഒന്നില്‍ കൂടുതല്‍ ആളുകള്‍ അടുത്ത് നില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ ആവശ്യം ബോധ്യപ്പെടുത്തും. രണ്ടു ദിവസം കൊണ്ടാണ് നിലവിലുള്ള റോബോട്ടിനെ ഇത്തരത്തില്‍ സജ്ജീകരിച്ചതെന്ന് സി ഇ ഒ ജയകൃഷ്ണന്‍ പറഞ്ഞു.