പത്തനംതിട്ട : കൊറോണക്കെതിരെ പടപൊരുതാന്‍ പത്തനംതിട്ടയിലെ ആറോളം യുവാക്കള്‍ രംഗത്ത്. രക്തദാന രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും സജീവമായിട്ടുള്ള ബിജു കുമ്പഴയുടെ നേതൃത്വത്തിലാണ് കോവിഡ് അണുനശീകരണ പ്രവര്‍ത്തനത്തിന് ഇവര്‍ ഒത്തുകൂടിയത്. പ്രൊഫഷണല്‍ ഡിസ് ഇന്‍ഫെക്ടിംഗ് സര്‍വീസസ് എന്ന സ്ഥാപനം ഇവര്‍ ആരംഭിച്ചുകഴിഞ്ഞു. ബിജു കുമ്പഴയെ കൂടാതെ സുധീഷ് സി.എസ്, ദീപു കോന്നി, ഷൈജുമോന്‍, അന്‍സാരി, മനു എന്നിവരാണ് ഈ സംരംഭത്തിനു പിന്നില്‍.
കോവിഡ് എന്ന മഹാമാരിയില്‍ നിന്നും രക്ഷനേടുന്നതിന് അണുനശീകരണം അത്യന്താപേക്ഷിതമാണ്. വീടുകളും വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളുമൊക്കെ കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തുന്നത് നല്ലതാണ്. കോവിഡ് രോഗികള്‍ സന്ദര്‍ശിച്ചിരുന്ന സ്ഥാപനങ്ങളും ഓഫീസുകളും അണുനശീകരണം നടത്തിക്കൊണ്ടിരുന്നത് അഗ്നിശമനസേനയുടെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ ഇതിന് ചില നിയന്ത്രണങ്ങള്‍ വന്നതോടുകൂടി വ്യാപാരികളും കൊറോണ രോഗികള്‍ താമസിച്ചിരുന്ന വീട്ടുകാരും അണുനശീകരണം നടത്തുവാന്‍ ഏറെ ബുദ്ധിമുട്ടി. ഈ സാഹചര്യത്തിലാണ് അണുനശീകരണ പ്രവര്‍ത്തനവുമായി ഇറങ്ങിയതെന്നും പത്തനംതിട്ടയിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്നും ബിജു പറഞ്ഞു.
അത്യാധുനീകമായ യന്ത്രങ്ങൾ ഉപയോഗിച്ച് പ്രഗത്ഭരായ ആളുകളാണ് അണുനശീകരണം നടത്തുന്നത്. 3 നോസിൽ സ്പ്രെയിങ് മെഷ്യനിലൂടെ സോഡിയം ഹൈപ്പോ ക്ളോറൈറ്റ് എന്ന അണുനശീകരണ ലായനിയാണ് സ്പ്രേ ചെയ്യുന്നത്. ഒരേസമയം മൂന്നു ലെയര്‍ സ്പ്രേയിംഗ് ആണ് നടക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ പ്രതലം കാര്യക്ഷമമായി അണുവിമുക്തമാക്കുന്നതിന് 3 നോസിൽ സ്പ്രെയിങ് മെഷ്യനിലൂടെ സാധിക്കുമെന്ന് ഇവര്‍ പറയുന്നു.
മരണം, വിവാഹം മുതലായ ചടങ്ങുകള്‍ നടക്കുന്ന വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ബാങ്കുകള്‍, ഓഫീസുകള്‍, കോവിഡ് കെയർ സെന്ററുകൾ, ആശുപത്രികള്‍, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാഹനങ്ങള്‍ – ഇവിടെയൊക്കെ അണുനശീകരണം നടത്തേണ്ടതുണ്ട്. കുറഞ്ഞ നിരക്കാണ് ഇടാക്കുന്നതെന്നും ഇതില്‍ ഒരുവിഹിതം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിക്കുമെന്നും ബിജു കുമ്പഴ പറഞ്ഞു. കേരളത്തില്‍ എവിടെയും തങ്ങളുടെ സേവനം നല്‍കുമെന്നും ഇവര്‍ പറയുന്നു. ബ്ലഡ് ഡോനേഴ്സ് കേരളയുടെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്കൂടിയാണ് ബിജു കുമ്പഴ. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ തലത്തിലും ബിജുവിന്റെ പ്രവര്‍ത്തനത്തെ ആദരിച്ചിട്ടുണ്ട്.
ഫോണ്‍ – 95261 17989, 79073 53670, 96334 72902