പത്തനംതിട്ട : കോവിഡ് നിയന്ത്രണത്തിനായി കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടക്കുന്നതെന്നും കര്‍ശന ജാഗ്രത തുടരുമെന്നും നിയന്ത്രണങ്ങള്‍ക്ക് അയവുണ്ടാകില്ലെന്നും വനംവകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. ഇതുവരെ 13 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇനി 186 പേരുടെ ഫലങ്ങള്‍ ലഭിക്കാനുണ്ട്. നിസാമുദ്ദിനില്‍ നിന്നും വന്ന 14 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മെഡിക്കലും അല്ലാത്തതുമായി ആവശ്യങ്ങള്‍ അറിയിക്കുന്നതിന് ജില്ലാതല കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം നവീകരിച്ചിട്ടുണ്ട്. 92052 84484 ഈ നമ്പറില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി അറിയിച്ചു.
ജില്ലയില്‍ മൂന്നുദിവസം കൊണ്ട് പകുതിയോളം പേര്‍ക്ക് റേഷന്‍ വിതരണം ചെയ്തുവെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ 3,41,761 റേഷന്‍ കാര്‍ഡ് ഉടമകളില്‍ 1,66,000 പേര്‍ക്കാണ് ഇതിനോടകം റേഷന്‍ വിതരണം ചെയ്തത്. 5847 അതിഥി തൊഴിലാളികള്‍ക്ക് അഞ്ചു കിലോ വീതം അരി അല്ലെങ്കില്‍ ആട്ടയും ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. ആകെ 15,383 ഇതരസംസ്ഥാന തൊഴിലാളികളാണ് ജില്ലയിലുള്ളത്. റേഷന്‍ അരിയുടെ അളവ്, ഗുണനിലവാരം എന്നിവ സംബന്ധിച്ച് ചില സ്ഥലങ്ങളില്‍ നിന്നും ലഭിച്ച പരാതി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
കളക്ടറേറ്റില്‍ നിന്ന് എം.പി, എംഎല്‍എമാര്‍, തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി സൂം വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
17 അവശ്യ സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകള്‍ അടുത്ത ആഴ്ചയോടുകൂടി വിതരണം ആരംഭിക്കും. ജില്ലയിലെ വൃദ്ധസദനങ്ങള്‍, അഗതി മന്ദിരങ്ങള്‍, അനാധാലയങ്ങള്‍ എന്നിവടങ്ങളിലേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ സാമൂഹ്യനീതി വകുപ്പില്‍ നിന്നു ലഭിക്കുന്ന ലിസ്റ്റ് അനുസരിച്ച് ഉടന്‍ വിതരണം ചെയ്യും. റേഷന്‍ കടകളില്‍ നിശ്ചിത അകലം പാലിച്ചു സാധനം വാങ്ങുന്നതുപോലെ മറ്റു കടകളിലും സാധനം വാങ്ങാനെത്തുന്നവര്‍ അകലം പാലിക്കണം. ആള്‍ക്കൂട്ടം ഉണ്ടാവാതെ ശ്രദ്ധിക്കണം. ജില്ലയില്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്പും നിലവില്‍ ഇല്ലെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതിനുള്ള സാഹചര്യം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനുമുള്ള സാഹചര്യമുണ്ടായാല്‍ കര്‍ശന നടപടിയെടുക്കും. സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ് എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തും. ജിവന്‍രക്ഷാ മരുന്നുകളുടെ വിതരണവും ഉറപ്പുവരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറിനോട് നിര്‍ദേശിച്ചിട്ടുണ്ട്. വെന്റിലേറ്റര്‍ വാങ്ങുന്നതിന് ആന്റോ ആന്റണി എംപി പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 1.5 കോടി രൂപയില്‍ നിന്ന് ആദ്യ വെന്റിലേന്റര്‍ ജില്ലയില്‍ വാങ്ങി. മറ്റുള്ളവയ്ക്ക് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. 3000 റാപ്പിഡ് ടെസ്റ്റ് കിറ്റ്, 1000 പി.പി.ഇ കിറ്റ് വാങ്ങുന്നതിനും എംപി ഫണ്ടില്‍ നിന്ന് തുക അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. റാജു എബ്രഹാം എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് റാന്നി ആശുപത്രിയില്‍ വെന്റിലേറ്ററും പി.പി.ഇ കിറ്റിനുള്ള തുകയും അനുവദിച്ചിട്ടുണ്ട്. ജില്ലയില്‍ 63 കമ്മ്യുണിറ്റി കിച്ചണുകളാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സൂം കോണ്‍ഫറന്‍സില്‍ മന്ത്രിക്കൊപ്പം കളക്ടറേറ്റില്‍ മാത്യു ടി തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ പി ബി നൂഹ് എന്നിവരും ആന്റോ ആന്റണി എംപി, എംഎല്‍എമാരായ ചിറ്റയം ഗോപകുമാര്‍, രാജു എബ്രഹാം, വീണാ ജോര്‍ജ്, കെ.യു ജനീഷ് കുമാര്‍, തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പങ്കെടുത്തു.