പത്തനംതിട്ട : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഡ്യൂട്ടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. ഡ്യൂട്ടിയിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള മാനദണ്ഡങ്ങളും നിബന്ധനകളും നിര്‍ബന്ധമായും പാലിക്കണമെന്ന് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യങ്ങളില്‍ രോഗബാധയുണ്ടാകുന്നവരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ ലിസ്റ്റ് പ്രകാരം കോന്നി, ചിറ്റാര്‍ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ചികിത്സ ലഭ്യമാക്കുകയും സ്റ്റേഷനുകളിലെ മറ്റുള്ളവരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. ജില്ലാ പോലീസ് ആസ്ഥാനത്തു ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ആരോഗ്യവകുപ്പ് അധികൃതര്‍ കോവിഡ് 19 ആന്റിജന്‍ ടെസ്റ്റ് നടത്തി. ആരും പോസിറ്റീവ് അല്ല എന്ന് കണ്ടെത്തി. കോന്നി, ചിറ്റാര്‍ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.
കോവിഡ് പ്രാഥമിക, രണ്ടാംഘട്ട സമ്പര്‍ക്കത്തില്‍ വരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമകാര്യങ്ങള്‍ക്കായി സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ജില്ലാതല കമ്മിറ്റി രൂപീകരിച്ചതായി ജില്ലാപോലീസ് മേധാവി പറഞ്ഞു. ജില്ലാ അഡിഷണല്‍ എസ് പി എ.യു. സുനില്‍ കുമാര്‍, നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി ആര്‍. പ്രദീപ്കുമാര്‍, സി ബ്രാഞ്ച് ഡി വൈ എസ് പി ആര്‍.സുധാകരന്‍പിള്ള, സ്‌പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി ആര്‍. ജോസ് തുടങ്ങി ഒന്‍പതു പേരടങ്ങുന്നതാണ് കമ്മിറ്റി. കോവിഡ് പ്രാഥമിക, രണ്ടാംഘട്ട സമ്പര്‍ക്കത്തില്‍പ്പെടുന്ന പോലീസുകാര്‍ക്ക് ജില്ലാ പോലീസ് ഹെഡ് ക്വാര്‍ട്ടറിലെ ആറാം നമ്പര്‍ ബാരക് ഉപയോഗിക്കാന്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഹെഡ് ക്വാര്‍ട്ടര്‍ പ്രധാന കെട്ടിടത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്വാറന്റീന്‍ സൗകര്യം ഒരുക്കിയതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.
കൂടാതെ കോവിഡ് ബാധിതരായ പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ചികിത്സ, ക്ഷേമകാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ഡി വൈ എസ് പി തലത്തില്‍ ഒരു വെല്‍ഫെയര്‍ ഓഫീസറെ നിയോഗിക്കണമെന്ന നിര്‍ദേശമനുസരിച്ചു നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി ആര്‍. പ്രദീപ്കുമാറിനെ ചുമതല ഏല്‍പിച്ചു. കോവിഡ് ബാധ ആശങ്കയുണര്‍ത്തുംവിധം പടര്‍ന്നുപിടിക്കുന്ന സ്ഥിതിയില്‍ പത്തനംതിട്ടയിലെ പ്രധാന ടൗണുകളെല്ലാം കന്റയിന്‍മെന്റ് സോണ്‍ ആയി മാറിക്കഴിഞ്ഞു. പ്രതിരോധ നടപടികളുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരെ വിവിധ സ്റ്റേഷനുകളില്‍ വിന്യസിച്ചിട്ടുണ്ട്. ഏതുസമയത്തും രോഗം പിടിപെടാന്‍ സാധ്യത നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ സുപ്രധാനമാണ്. രോഗബാധിതരായവര്‍ക്ക് ലഭ്യമാക്കിവരുന്ന ചികിത്സ തുടങ്ങിയ കാര്യങ്ങളെപ്പറ്റി വെല്‍ഫെയര്‍ ഓഫീസര്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു അന്വേഷിക്കുകയും വീട്ടുകാരുമായി നിരന്തരബന്ധം പുലര്‍ത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും. ഇതുസംബന്ധിച്ചു ആഴ്ചതോറും റിപ്പോര്‍ട്ട് വെല്‍ഫെയര്‍ ഓഫീസറില്‍ നിന്നും ലഭ്യമാക്കുമെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.