തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിത്യേന കോവിഡ് കണക്കുകള്‍ ഉയര്‍ന്നുവരികയാണ്. അതിവേഗത്തിലാണ് രോഗവ്യാപനം നടക്കുന്നതെന്നും തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യമാണ് നിലവിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ – തിരുവനന്തപുരം 246, എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശൂര്‍ 32, കാസര്‍കോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂര്‍ 9എന്നിങ്ങനെയാണ്. സംസ്ഥാനത്ത് ആകെ 6029 പേര്‍ കോവിഡ് ചികില്‍സയിലുണ്ട്.
സമ്പര്‍ക്കത്തിലൂടെ 532 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വിദേശത്തുനിന്ന് വന്ന 135 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 98 പേര്‍ക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ 15, ഐടിബിപി 1, ബിഎസ്എഫ് 1, കെഎസ്ഇ 7. ഇന്ന് കോവിഡ് മൂലം 1 മരണം റിപ്പോര്‍ട്ട് ചെയ്തു. തൃശൂര്‍ പുല്ലൂരിലെ ഷൈജു ആണ് മരിച്ചത്.
ഇന്ന് രോഗവിമുക്തരായവര്‍ – തിരുവനന്തപുരം 8, കൊല്ലം 7, പത്തനംതിട്ട , ഇടുക്കി 5, ആലപ്പുഴ 6, കോട്ടയം 8, എറണാകുളം 5, തൃശൂര്‍ 32, മലപ്പുറം 32, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 8, കാസര്‍കോട് 9 എന്നിങ്ങനെയാണ്.
തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. തീരമേഖലയില്‍ അതിവേഗം രോഗവ്യാപനം ഉണ്ടാകുന്നു. കരിങ്കുളം പഞ്ചായത്തില്‍ പുല്ലുവിളയില്‍ 97 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 51 പോസിറ്റീവ് ആണ്. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 ടെസ്റ്റില്‍ 26 എണ്ണം പോസിറ്റീവ്. പുതുക്കുറിശിയില്‍ 75 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 20 എണ്ണം പോസിറ്റീവ് . ഇത് സൂചിപ്പിക്കുന്നത് രോഗവ്യാപനം തീവ്രമായെന്നതാണ് . പൂന്തുറ, പുല്ലിവിള പ്രദേശങ്ങളില്‍ സാമൂഹ്യവ്യാപനത്തില്‍ എത്തിയെന്നു വിലയിരുത്തുന്നു. ഗുരുതരമായ സ്ഥിതി നേരിടാന്‍ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് മുന്നോട്ട് പോകാനാണ് ശ്രമം. ആകെ 2,75,900 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 7610 എണ്ണത്തിന്റെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സില്‍ 88,903 സാമ്പിളുകള്‍ ശേഖരിച്ചു. 84,454 സാമ്പിളുകള്‍ നെഗറ്റീവായി.
ഗുരുതര രോഗവ്യാപനം നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ന് പോസിറ്റീവ് ആയ 246 കേസുകളില്‍ 2 പേര്‍ മാത്രമാണ് വിദേശത്തുനിന്ന് എത്തിയത്. 237 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചു. 4 ആരോഗ്യ പ്രവര്‍ത്തകര്‍. മൂന്ന് പേരുടെ ഉറവിടം അറിയില്ല. ഇത് അസാധാരണമാണ്. തീരപ്രദേശങ്ങളില്‍ പൂര്‍ണമായും ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ തീരമേഖലയെ മൂന്ന് സോണായി തിരിക്കുന്നു. അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെയാണ് ഒന്നാമത്തെ സോണ്‍. പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെ 2, വിഴിഞ്ഞം മുതല്‍ ഊരമ്പ് വരെ മൂന്നാം സോണ്‍. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ സ്‌പെഷല്‍ ഓഫിസര്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തില്‍ പോലീസിന്റെ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ്, പോലീസ്, കോര്‍പറേഷന്‍, പഞ്ചായത്ത് ഇവയെല്ലാം സംയുക്തമായി പ്രതിരോധ പ്രവര്‍ത്തനം നടത്തും.