തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 18 പേരുടെ പരിശോധനഫലം നെഗറ്റീവായിട്ടുമുണ്ട്. കൊവിഡ് അവലോകന യോഗത്തിനുശേഷം വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 18 പേര്‍ക്ക് രോഗം ഭേദമായി. പോസിറ്റീവായവരില്‍ 55 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. കാസര്‍കോട് -14, മലപ്പുറം -14, തൃശൂര്‍ -ഒമ്പത്, കൊല്ലം -അഞ്ച്, പത്തനംതിട്ട -നാല്, തിരുവനന്തപുരം -മൂന്ന്, എറണാകുളം -മൂന്ന്, ആലപ്പുഴ -രണ്ട്, പാലക്കാട് -രണ്ട്, ഇടുക്കി-ഒന്ന് എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
കൊറോണയോടൊപ്പം ജീവിക്കേണ്ട അവസ്ഥയാണ് ലോകത്തിന് വന്നിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും ഇത് സൂചിപ്പിച്ചു കഴിഞ്ഞു. പ്രതിരോധ വാക്‌സിനോ മരുന്നുകളോ കണ്ടെത്തുന്നതുവരെ കര്‍ശനമായ നിയന്ത്രണങ്ങളോടെ ജീവിതവൃത്തികള്‍ നടത്താന്‍ ഓരോരുത്തരും നിര്‍ബന്ധിതരാണ്. കൂടുതല്‍ മേഖലകളില്‍ ഇളവ് വരുന്നതോടെ സമൂഹവുമായി ഇടപെടേണ്ട അവസ്ഥയുണ്ടാക്കുന്നു. കൊറോണ വൈറസില്‍ നിന്നും നമ്മുടേയും കുടുംബത്തിന്റേയും മറ്റുള്ളവരുടേയും സംരക്ഷണം ഉറപ്പാക്കാന്‍ എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേ ണ്ടതാണ്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണം.
മാസ്‌ക് ധരിക്കുകയും മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുകയും ചെയ്യണം. വയോധികര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ വീട് വിട്ട് പുറത്തിറങ്ങാതിരിക്കാനും രോഗ സാധ്യതയുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈകഴുകുക, മാസ്‌ക് ധരിക്കുക, വ്യക്തിപരമായി അകലം പാലിക്കുക എന്നിവ എല്ലാവരും പാലിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.