പത്തനംതിട്ട : കോവിഡ് കൂടുതല്‍ ആളുകളിലേക്ക് പകരുകയാണ്. ഒരുഘട്ടത്തില്‍ ഒരു രോഗികള്‍ പോലുമില്ലെന്ന ആശ്വാസത്തിലായിരുന്നു പത്തനംതിട്ട. ഇന്ന് രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം നാലായി. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ ജില്ലയില്‍ വന്നു തുടങ്ങിയതോടെയാണ് വീണ്ടും കൊറോണ കടന്നുവരുന്നത്. എന്നാല്‍ ഏതുസാഹചര്യത്തെയും അതിജീവിക്കുവാനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലാ ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും ചെയ്തിട്ടുണ്ട്. അത് തന്നെയാണ് പത്തനംതിട്ടക്കാരുടെ ആശ്വാസവും.
മേയ് 12 ന് ഖത്തറില്‍ നിന്നും തിരിച്ചെത്തിയ 39 വയസുകാരനും മേയ് 11ന് ദുബായില്‍ നിന്നും തിരിച്ചെത്തിയ 65 വയസുകാരനുമാണ് ഇന്ന് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പള്ളിക്കല്‍ സ്വദേശിയായ 39 കാരനാണ് സ്രവ പരിശോധനയില്‍ പോസിറ്റീവായത്. ഇദേഹം അടൂര്‍ മൗണ്ട് സിയോണ്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. തിരുവല്ല ഇടിഞ്ഞില്ലം സ്വദേശിയായ 65 കാരനാണ് രോഗം സ്ഥിരീകരിച്ച രണ്ടാമന്‍. പത്തനംതിട്ട ശാന്തി ലോഡ്ജിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.