ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാടും. ഏപ്രില്‍ പത്തുമുതല്‍ ആരാധനാലയങ്ങളില്‍ ആളെക്കൂട്ടുന്ന ഉത്സവങ്ങള്‍, മറ്റു മതപരമായ ചടങ്ങുകള്‍ എന്നിവ നിരോധിച്ചു.
എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും തമിഴ്നാട്ടിലെത്തുന്നവര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. വിവാഹങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം നൂറായും മരണാനന്തര ചടങ്ങുകളിലേത് അമ്പതായും നിശ്ചയിച്ചു. ഇന്‍ഡോര്‍ വേദികളില്‍ നടക്കുന്ന എല്ലാ സാമൂഹ്യ, രാഷ്ട്രീയ പരിപാടികളിലും പരമാവധി ഇരുന്നൂറു പേരെ മാത്രമെ അനുവദിക്കാവൂ. സിനിമ തിയറ്ററുകളില്‍ പകുതി സീറ്റില്‍ മാത്രമെ ആളുകളെ പ്രവേശിപ്പിക്കൂ. മാളുകളിലെ തിയറ്ററുകള്‍ക്കും ഇത് ബാധകമാണ്. ക്ലബ്ബുകള്‍, പാര്‍ക്കുകള്‍, മ്യൂസിയം എന്നിവിടങ്ങളിലും അമ്പത് ശതമാനം ആളുകള്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ.
കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ 3986 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1459 കേസുകളും ചെന്നൈയിലാണ്. പതിനേഴ് പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.