പത്തനംതിട്ട : വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ റൂം ഐസൊലേഷന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ പറഞ്ഞു. ഇത്തരത്തില്‍ റൂം ഐസൊലേഷന്‍ കൃത്യമായി അനുവര്‍ത്തിക്കാത്തതുമൂലം കുടുംബത്തിലുളള മറ്റ് അംഗങ്ങള്‍ക്കും രോഗബാധ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ജില്ലയില്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വീടുകളില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.
റൂം ക്വാറന്റൈന്‍ കൃത്യമായി പാലിക്കുക. റൂമില്‍ നിന്ന് പുറത്തിറങ്ങുകയോ മറ്റ് അംഗങ്ങളുമായി ഇടപഴുകകയോ ചെയ്യരുത്. രോഗിക്ക് ഭക്ഷണം നല്‍കുന്നതിനും മറ്റുമായി ഒരു വ്യക്തിയെ മാത്രമേ നിയോഗിക്കാവൂ. സമീകൃതാഹാരം കഴിക്കുക. ചൂടു വെളളവും ചൂടുളള പാനീയങ്ങളും കുടിക്കുക. ഏഴ്-എട്ട് മണിക്കൂര്‍ ഉറങ്ങുക.
ഭക്ഷണം നല്‍കുമ്പോഴും മറ്റ് കാര്യങ്ങള്‍ക്ക് ഇടപഴകുമ്പോഴും രോഗിയും പരിചരിക്കുന്ന വ്യക്തിയും മൂന്ന് ലെയര്‍ മസ്‌ക് ധരിക്കണം. ശാരീരിക അകലം പാലിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങള്‍, തുണികള്‍, മറ്റ് സാമഗ്രികള്‍ എന്നിവ മറ്റുളളവരുമായി പങ്ക് വയ്ക്കരുത്. ഇവ സ്വയം കഴുകി വൃത്തിയാക്കണം. വസ്ത്രങ്ങളും മറ്റും സോപ്പു വെളളത്തില്‍ 20 മിനിട്ട് നേരമെങ്കിലും മുക്കി വച്ചതിനുശേഷം കഴുകണം.
ഉപയോഗിച്ച വസ്ത്രങ്ങള്‍ കഴുകി അണുവിമുക്തമാക്കിയതിനുശേഷം മാത്രം ഉണക്കുവാനായി പരിചരിക്കുന്ന വ്യക്തിക്ക് നല്‍കുക. സ്ഥിരമായി സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍, സ്വയം വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം. ശ്വാസ തടസം, നെഞ്ചു വേദന, മയക്കം, കഫത്തിലും മൂക്കില്‍നിന്നുളള ശ്രവത്തിലും രക്തം, അതിയായ ക്ഷീണം, കിതപ്പ്, ബോധം നഷ്ടപ്പെടുന്ന അവസ്ഥ എന്നിവയിലേതെങ്കിലും അനുഭവപ്പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഉടന്‍ വിവരമറിയിക്കണം. പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിച്ച് എല്ലാ ദിവസവും ഓക്സിജന്‍ ലെവല്‍ (എസ്പിഒ2) സ്വയം പരിശോധിക്കുകയും ബുക്കില്‍ എഴുതി സൂക്ഷിക്കുകയും വേണം.
പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിക്കേണ്ട വിധം
അഞ്ചു മിനിട്ട് ഇരുന്ന് വിശ്രമിക്കുക. ചൂണ്ടു വിരല്‍ പള്‍സ് ഓക്സിമീറ്ററില്‍ ഘടിപ്പിക്കുക. ഓക്സിജന്‍ സാച്ചുറേഷന്‍ 94 ശതമാനത്തില്‍ താഴെയോ നാഡിമിടിപ്പ് മിനിട്ടില്‍ 90 ല്‍ കൂടുകയോ ചെയ്താല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുക.