മലപ്പുറം: മൂന്ന് മാസത്തെ ആഫ്രിക്കന്‍ വാസത്തിന് ശേഷം നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ നാട്ടിലെത്തി. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലായിരുന്ന അന്‍വര്‍ ഉച്ചയോടെയാണ് കോഴിക്കോട്ട് വിമാനമിറങ്ങിയത്. എംഎല്‍എയെ സ്വീകരിക്കാന്‍ പ്രവര്‍ത്തകരുടെ വലിയൊരു സംഘം വിമാനത്താവളത്തിനു പുറത്തു കാത്തുനില്‍പ്പുണ്ടായിരുന്നു. കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് എംഎല്‍എ എത്തിയത്. നൂറു കണക്കിന് പ്രവര്‍ത്തകര്‍ പി വി അന്‍വറിനെ സ്വീകരിക്കാന്‍ എത്തി. ഇവര്‍ കോവിഡ് മാനദണ്ഡം പാലിക്കാതെ എംഎല്‍എക്ക് ചുറ്റും നില്‍ക്കുകയായിരുന്നു.
നിലമ്പൂരുകാരോട് നന്ദിയുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്നും അന്‍വര്‍ പ്രതികരിച്ചു. വിദേശത്തുനിന്ന് വരുന്നതിനാല്‍ കാറില്‍ നിന്ന് പുറത്തിറങ്ങാതെയാണ് അന്‍വര്‍ സ്വീകരണം ഏറ്റുവാങ്ങിയത്. അതേസമയം കാറില്‍ കയറും മുമ്പ് അണികള്‍ അദ്ദേഹത്തെ ചുറ്റും പൊതിയുകയായിരുന്നു. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പി.വി അന്‍വര്‍ നിലമ്പൂരിലേക്ക് തിരിച്ചെത്തുന്നത്. ക്വാറന്റീനില്‍ കഴിയേണ്ടി വരുമെന്നതിനാല്‍ സജീവ പ്രചാരണത്തിനിറങ്ങാന്‍ ഇനിയും കാത്തിരിക്കണം. എംഎല്‍എയെ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയപ്പോള്‍ ആഫ്രിക്കയിലെ സിയെറ ലിയോണിലുണ്ടെന്ന് അന്‍വര്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ വിദേശത്തേക്ക് പോയതാണ് പി.വി. അന്‍വര്‍. ഇദ്ദേഹത്തെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലത്തില്‍ പ്രചാരണം നടത്തിയിരുന്നു. എംഎല്‍എ ഘാനയിലെ ജയിലിലാണെന്നും അദ്ദേഹത്തെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഘാന പ്രസിഡന്റിന്റെ ഫേസ്‌ബുക്ക് പേജില്‍ മലയാളത്തില്‍ പോസ്റ്റുകളും ഇട്ടതും വലിയ വാര്‍ത്തയായി. കഴിഞ്ഞ ദിവസം ഐശ്വര്യ കേരളയുടെ നിലമ്പൂരിലെ സ്വീകരണത്തില്‍ പ്രതിപക്ഷ നേതാവും എംഎല്‍എയെ മണ്ഡലത്തില്‍ കാണാനില്ലെന്ന വിമര്‍ശനം ഉന്നയിച്ചിരുന്നു.
സ്വര്‍ണ-വജ്ര ഖനന വ്യവസായമാണ് ആരംഭിക്കുന്നതെന്നും 20,000 കോടിയുടെ പദ്ധതിയിലൂടെ 20,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും പി.വി. അന്‍വര്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് മണ്ഡലത്തിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. ആഫ്രിക്കയില്‍ എന്താണ് ചെയ്യുന്നതെന്ന് വിശദീകരിച്ച ശേഷമാണ് അന്‍വര്‍ നാട്ടില്‍ തിരിച്ചെത്തുന്നത്. ആഫ്രിക്കയിലെ സിയെറ ലിയോണിലെ ഇടപാടുകളെ കുറിച്ച് പിന്നീട് വിശദീകരിക്കുമെന്നും എംഎല്‍എ പറഞ്ഞിരുന്നു.
എല്ലാ വാതിലുകളും അടഞ്ഞപ്പോള്‍ മിറാക്കിള്‍ പോലെയാണ് ആഫ്രിക്കയില്‍ നിന്നുള്ള സാധ്യത തുറന്നതെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഉംറ തീര്‍ത്ഥാടന യാത്രക്കിടെ പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായിയാണ് അവിടെ ഖനനത്തിന് ക്ഷണിച്ചത്. എല്ലാ വര്‍ഷവും ഉംറ യാത്ര പോവുന്ന താന്‍ യാത്രകളില്‍ കണ്ട് പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായിയുമായി 2018 ല്‍ ഉണ്ടായ സൗഹൃദമാണ് തന്നെ ഇവിടെയെത്തിച്ചതെന്നാണ് വീഡിയോയില്‍ പറയുന്നത്. ഇദ്ദേഹം ആഫ്രിക്കയിലെ വ്യവസായ പ്രമുഖനാണെന്ന് മനസ്സിലായി.
കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ കേരളത്തില്‍ തനിക്ക് ഒരു വ്യവസായി സുഹൃത്തുണ്ടായിരുന്നെന്നും അദ്ദേഹം മരിച്ചു പോയെന്നും പറഞ്ഞു. പേരു നൂര്‍ബിനാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കൗതുകം കൊണ്ട് ഫോണിലുള്ള ഫോട്ടോ കാണിച്ചു നോക്കി. എന്റെ ഭാര്യ ഷീജയുടെ പിതാവിന്റെ പേര് നൂര്‍ബിന്‍ എന്നായിരുന്നു. അദ്ദേഹം പഴയകാല കശുവണ്ടി വ്യവസായിയാണ്. ഫോട്ടോ കാണിച്ചപ്പോള്‍ ഇദ്ദേഹം തന്നെയാണ് എന്റെ സുഹൃത്തെന്ന് വ്യവസായി പറഞ്ഞു. ഞാനദ്ദേഹത്തിന്റെ മകളെയാണ് വിവാഹം ചെയ്തത് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വളരെ അത്ഭുതവും എന്നോട് വളരെ അടുപ്പവുമായി. പിന്നീടങ്ങോട്ടുള്ള ഞങ്ങളുടെ യാത്രയില്‍ മകനോടു കാണിക്കുന്ന സ്‌നേഹം അദ്ദേഹം കാണിക്കാന്‍ തുടങ്ങിയെന്നും പിവി അന്‍വര്‍ പറയുന്നു.
നേരത്തെ കശുവണ്ടി വ്യാപാരം നടത്തിയിരുന്ന ആഫ്രിക്കന്‍ വ്യവസായിയെ യാദൃശ്ചികമായി പരിചയപ്പെടുകയായിരുന്നെന്നും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 200 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് ഖനനം നടത്തുന്നതെന്നും അന്‍വര്‍ പറഞ്ഞു. പദ്ധതിയിലൂടെ നിരവധി പേര്‍ക്ക് തൊഴിലവസരം ലഭിക്കും. കേരളത്തില്‍ നിന്നുള്ള ആറായിരത്തോളം വിദഗ്ധ തൊഴിലാളികള്‍ പദ്ധതിയില്‍ അവസരം ലഭിക്കും. 750 ഡോളര്‍ മുതല്‍ 5000 ഡോളര്‍ വരെ ശമ്പളം ലഭിക്കുന്ന തൊഴിലവസരങ്ങള്‍ ഉണ്ടെന്നും അന്‍വര്‍ പറഞ്ഞു.
20000 കോടി രൂപയുടെ പദ്ധതിയാണ് സിയെറ ലിയോണില്‍ ആസൂത്രണം ചെയ്യുന്നതെന്നും ഒരു വര്‍ഷം കൊണ്ട് തന്നെ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നും പി.വി അന്‍വര്‍ പറഞ്ഞു. മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ജോലി നല്‍കാന്‍ സാധിക്കുമെന്നുമാണ് അന്‍വര്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയത്. ഇതിന് മുമ്പ് അന്‍വര്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒന്നും പ്രതീക്ഷിക്കാതെയാണ് രാഷ്ട്രീയത്തിലെത്തിയതെന്നും വര്‍ഷത്തില്‍ മൂന്ന് ലക്ഷത്തിന്റെ ഇന്ധനത്തുക, 75,000 രൂപയുടെ ട്രെയിന്‍ അലവന്‍സ് എന്നിവ മാത്രമാണ് സര്‍ക്കാരില്‍നിന്ന് സ്വീകരിച്ചതെന്നും എംഎല്‍എ പഞ്ഞിരുന്നു. കടബാധ്യതകള്‍ തീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആഫ്രിക്കയില്‍ എത്തിയതെന്നുമാണ് അന്‍വര്‍ പറയുന്നത്.