ലഖ്നോ : കോവിഡ് വ്യാപനം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ സ്കൂളുകളും കോളേജുകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ജനുവരി 30 വരെയാണ് അവധി. ജനുവരി 5ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി 16 വരെ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. പിന്നീട് ഇത് ജനുവരി 23 വരെ നീട്ടി. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടരും.
11ാം ക്ലാസ്, 12ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ തന്നെയാണ്. 15 മുതല്‍ 18 വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകള്‍ വാക്സിനേഷന്‍ ക്യാമ്പ് ഒരുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. വാക്സിന്‍ സ്വീകരിക്കാന്‍ മാത്രം വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളിലെത്താം. അംഗനവാടികളിലെ കുട്ടികള്‍ക്ക് ക്ലാസുകള്‍ ഇല്ലെങ്കിലും റേഷന്‍ വിതരണം തുടരും.