തിരുവനന്തപുരം : കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്രവ്യാപന സ്വഭാവമുള്ള വൈറസാണ് ഈ ഘട്ടത്തില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയും. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി ഇന്ന് ചര്‍ച്ച നടത്തി. ജനത്തെ അണിനിരത്തി സര്‍ക്കാരുമായി കൈകോര്‍ത്ത് പ്രതിരോധം തീര്‍ക്കാന്‍ എല്ലാ കഴിവും ഉപയോഗിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ചു. രണ്ടാം ഘട്ടത്തില്‍ പ്രതിരോധത്തിന് സഹായകരമായി ചില ഘടകങ്ങളുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, 60 വയസിന് മുകളിലുള്ളവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കാനായത് അനുകൂല സാഹചര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷനും ആരംഭിച്ചു. വാക്‌സിന്‍ സ്വീകരിച്ചതു കൊണ്ട് ജാഗ്രത കുറയ്ക്കാനാവില്ല. തീവ്രവ്യാപനം തടയുക, നല്ല ചികിത്സ ഉറപ്പാക്കുക, എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയവും അടിയന്തിര കടമയും. വലിയ തോതില്‍ രോഗവ്യാപനമുള്ള ചില ജില്ലകളും പ്രദേശങ്ങളും ഉണ്ട്. ചില തദ്ദേശ സ്ഥാപന പരിധിയില്‍ ടിപിആര്‍ വളരെ കൂടുതലാണ്. ഒരു ഘട്ടത്തില്‍ ടിപിആര്‍ 28 ശതമാനം വരെ ഉയര്‍ന്നിരുന്നു. അതില്‍ കുറവുണ്ടെങ്കിലും ആശ്വസിക്കാറായിട്ടില്ല. ചില തദ്ദേശ സ്ഥാപന പരിധിയില്‍ ചികിത്സാ സൗകര്യങ്ങളുടെ കുറവ് കാണുന്നുണ്ട്. സിഎഫ്‌എല്‍ടിസികളോ, സിഎല്‍ടിസികളോ, ഡിസിസികളോ ഇല്ലാത്ത തദ്ദേശ സ്ഥാപനങ്ങളുണ്ട്. ഇത്തരം കുറവ് അടിയന്തിരമായി പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡ് ചികിത്സാ കേന്ദ്രം തുറക്കാന്‍ അനുയോജ്യമായ സ്ഥലം മുന്നേ കണ്ടെത്തി ഒരുക്കം തുടങ്ങണം. ആവശ്യം വന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചികിത്സാ കേന്ദ്രം തുറക്കാനാവണം. ആവശ്യത്തിന് ആരോഗ്യ-സന്നദ്ധ-ശുചീകരണ പ്രവര്‍ത്തകരെയും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.