പാലാ: പാലായില്‍ മരിയസദന്‍ അന്തേവാസി കേന്ദ്രത്തില്‍ കോവിഡ് വ്യാപനം ഗുരുതരമെന്ന് ആരോഗ്യവകുപ്പ്. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളായ രണ്ടുപേര്‍ കൂടി മരിച്ചതോടെയാണ് സ്ഥിതി അതീവ ഗുരുതരമായത്. കൊടുങ്ങല്ലൂര്‍ സ്വദേശി രാജീവ് (54), മേലുകാവ് സ്വദേശി ഗിരീഷ് (52) എന്നിവരാണ് മരിച്ചത്.
കേന്ദ്രത്തിലെ അന്തേവാസികളും ശുശ്രൂഷകരും സഹായികളുമായ 350 പേര്‍ക്കാണ് കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റിവായത്. 415 ഓളം പേര്‍ താമസിക്കുന്ന ഇവിടെ 350 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കുന്നതായി പാല ഗവ. ആശുപത്രിയില്‍ ചേര്‍ന്ന ആരോഗ്യപ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും യോഗം വിലയിരുത്തി.
ഇവിടെ 95ശതമാനം പേരും പ്രായമായവരും ഹൃദ്രോഗം ഉള്‍പ്പെടെ അസുഖം ഉള്ളവരുമാണ്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പാലാ ജനറല്‍ ആശുപത്രിയിലെ പ്രത്യേക മെഡിക്കല്‍ ടീമിനെ കേന്ദ്രത്തിലേക്ക് നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ മരണങ്ങള്‍ ഉണ്ടാവാതിരിക്കാനും രോഗം മറ്റുള്ളവര്‍ക്ക് പടരാതിരിക്കുന്നതിനുമുള്ള അടിയന്തര നടപടി സ്വീകരിച്ചതായി ആര്‍.എം.ഒ ഡോ. സോളി യോഗത്തില്‍ അറിയിച്ചു.
ആളുകള്‍ മുറികളില്‍ തിങ്ങിത്താമസിക്കുന്നതും പൊതു ശൗചാലയം ഉപയോഗിക്കുന്നതും രോഗ വ്യാപനത്തിന് കാരണമായി. രോഗികളെ അടിയന്തരമായി ആശുപത്രികളിലേക്ക് മാറ്റി അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന് ജോസ് കെ.മാണി എം.പിയും യോഗത്തില്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.എല്ലാ ദിവസവും ഡോക്ടര്‍മാര്‍ സ്ഥാപനത്തിലെത്തി പരിശോധന നടത്തുന്നതായി ആശുപത്രി സൂപ്രണ്ട്അറിയിച്ചു.