തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിരുന്നവർക്ക് കോവിഡ് പകർന്നു. ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ച വാർഡിലാണ് രോഗബാധ. നിർബന്ധിച്ച ശേഷമാണ് അധികൃതര്‍ പരിശോധന നടത്താന്‍ തയ്യാറായതെന്നും രോഗം ബാധിച്ചവർ പറഞ്ഞു. രോഗികളുടെ ഒപ്പം വരുന്നവര്‍ നിയന്ത്രണം പാലിക്കുന്നില്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ശസ്ത്രക്രിയ കഴിഞ്ഞ ഒരു രോഗി കോവിഡ് പോസിറ്റീവ് ആയതിന് പിന്നാലെ മറ്റ് രോഗികളോട് വീട്ടിലേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അധികൃതരോട് അങ്ങോട്ട് ആവശ്യപ്പെട്ടിട്ടാണ് കോവിഡ് പരിശോധ നടത്താന്‍ തയ്യാറായതെന്നും പരിശോധഫലം വന്നപ്പോള്‍ പോസിറ്റീവ് ആണെന്നും രോഗബാധിതര്‍ പറയുന്നു. പരിശോധന നടത്താതെ വീടുകളിലേക്ക് പോയിരുന്നെങ്കില്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കുമായിരുന്നില്ലേ എന്ന ആശങ്കയാണ് രോഗബാധിതര്‍ പങ്കുവെയ്ക്കുന്നത്. ഇപ്പോള്‍ കോവിഡ് പോസിറ്റീവ് ആയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം അഞ്ച് ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരടക്കം 30 പേർ ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുകയാണ്.