ഡല്‍ഹി : കോവിഡ് വ്യാപനം തടയുന്നതിനായി മാര്‍ക്കറ്റുകള്‍ക്കു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതനുസരിച്ച് കണ്ടെയ്‌ന്‍മെന്റ് സോണുകളിലെ മാര്‍ക്കറ്റുകള്‍ അടച്ചിടും.
ഇതിനു പുറത്തുള്ളവ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായി മാര്‍ക്കറ്റ് ഓണേഴ്‌സ് അസോസിയേഷനുകളുമായി ആരോഗ്യ മന്ത്രാലയം ബന്ധപ്പെടും. കോവിഡിന് അനുയോജ്യമായ പെരുമാറ്റ രീതികള്‍ നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനും മാര്‍ക്കറ്റ് അസോസിയേഷനുകള്‍ ഉപസമിതി രൂപീകരിക്കണം. സ്വയം നിയന്ത്രണം പരാജയപ്പെടുകയും ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും സംഭവിച്ചാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍മാത്രം മാര്‍ക്കറ്റുകള്‍ തുറക്കുകയോ അല്ലെങ്കില്‍ പൂര്‍ണമായി അടയ്ക്കുകയോ പോലുള്ള നടപടികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് ഏര്‍പ്പെടുത്താം.
65 വയസ്സിനു മുകളിലുള്ളവര്‍, മറ്റ് അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിനു താഴെയുള്ള കുട്ടികള്‍ തുടങ്ങിയവര്‍ വീട്ടില്‍തന്നെ കഴിയണം. അത്യാവശ്യം കാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂ. ഹൈ റിസ്കിലുള്ള കടകളിലെ ജീവനക്കാര്‍ അധിക മുന്‍കരുതലുകള്‍ എടുക്കണം. പൊതുജനങ്ങളുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തുന്ന ജോലിയില്‍നിന്നു വിട്ടുനില്‍ക്കണം. ശാരീരിക അകലം, മാസ്ക് ഉപയോഗം, പതിവ് ശുചിത്വം തുടങ്ങിയ കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം.