കോട്ടയം : കോവിഡ് വ്യാപനം രൂക്ഷം വിദ്യാര്‍ഥികളുടെ ജീവന് പുല്ലുവിലകല്‍പ്പിച്ച് എംജി സര്‍വകലാശാല പരീക്ഷകള്‍ നടത്തുന്നു. ഹോസ്റ്റലുകളിലും കോളേജുകളിലും കോവിഡും ചിക്കന്‍ പോക്‌സും പടര്‍ന്നു പിടിക്കുന്നതിനിടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. രോഗബാധിതരായതും ഐസലേഷനിലായതുമായ ഒട്ടേറെ കുട്ടികള്‍ പരാതി അറിയിച്ചിട്ടും പരീക്ഷ നടത്തുമെന്ന പിടിവാശിയിലാണ് സര്‍വകലാശാല അധികൃതര്‍. എംജി സര്‍വകലാശാലയുടെ പിജി രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്. മിക്ക കോളേജുകളിലും ഹോസ്റ്റലുകളിലും കോവിഡിന്റെ അതി തീവ്ര വ്യാപനമാണ്. ഹോസ്റ്റലുകള്‍ പലതും ക്ലസ്റ്ററുകളാണ്.
ഇവിടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാഹാളില്‍ എത്താനാകില്ല. ഇതിനു പുറമെയാണ് കോട്ടയത്തെ ഹോസ്റ്റലുകളില്‍ ചിക്കന്‍പോക്‌സും വ്യാപിച്ചത്. രോഗബാധിതരായ വിദ്യാര്‍ഥികള്‍ പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി വൈസ് ചാന്‍സലര്‍, പരീക്ഷ കണ്‍ട്രോളര്‍ ഉള്‍പ്പെടെയുള്ളവരെ ബന്ധപ്പെട്ടെങ്കിലും മറുപടിയില്ല. ഓണ്‍ലൈനായി വെറും രണ്ടു മാസമാണു രണ്ടാം സെമസ്റ്റര്‍ ക്ലാസുകള്‍ നടന്നത്. അധ്യാപകരും ആശങ്ക അറിയിച്ചിട്ടും സര്‍വകലാശാല കടുംപിടുത്തം തുടരുന്നു. രോഗബാധിതര്‍ എന്തു ചെയ്യണമെന്ന ചോദ്യത്തിനും സര്‍വകലാശാലയ്ക്ക് മറുപടിയില്ല. കോളേജുകള്‍ക്ക് സര്‍ക്കാര്‍ ഇളവ് നല്‍കാത്തതിനാല്‍ പരീക്ഷ മാറ്റിവയ്ക്കാന്‍ ആകില്ലെന്നാണ് സര്‍വകലാശാല നിലപാട്. എന്നാല്‍ കാലിക്കറ്റ്, കേരളസര്‍വകലാശാലകളില്‍ വിദ്യാര്‍ഥികളുടെ ആവശ്യം മാനിച്ച് പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്.