കൊച്ചി : കോവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമായ എറണാകുളത്ത് സ്ഥിതി ഗുരുതരം. കോവിഡ് സ്ഥിരീകരിച്ച എണ്‍പതില്‍ എഴുപത്തിയഞ്ച് പേരും സമ്പര്‍ക്കം വഴി രോഗികളായവരാണ്. കൂടുതല്‍ കണ്ടെയ്ൻമെന്റ് സോണുകളും പ്രഖ്യാപിച്ചു. കൊച്ചി കോര്‍പറേഷനിലെ ഫോര്‍ട്ട്കൊച്ചി, കല്‍വത്തി, ഈരവേലി, മട്ടാഞ്ചേരി ഡിവിഷനുകള്‍ കണ്ടെയ്ൻമെന്റ് സോണാക്കി. ഏലൂര്‍ നഗരസഭയിലെ രണ്ടാമത്തെ ഡിവിഷനും കരുമാലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര പഞ്ചായത്തുകളും കണ്ടെയ്ൻമെന്റ് സോണാണ്.
ഇന്നലെ സമ്പർക്കത്തിലൂടെ രോഗബാധിതരായവരില്‍ എട്ട് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നതും ജില്ലയില്‍ തുടരുന്ന ഗുരുതരമായ സ്ഥിതി വെളിവാക്കുന്നു. കീഴ്മാട് ക്ലസ്റ്ററിൽനിന്നു പതിനൊന്നും ആലുവ ക്ലസ്റ്ററിൽ പന്ത്രണ്ടും പേര്‍ക്കാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. കീഴ്മാടുള്ള കോണ്‍വെന്റിലെ പതിനെട്ട് കന്യാസ്ത്രീകള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കടല്‍ക്ഷോഭവും രൂക്ഷമായ ചെല്ലാനം ക്ലസ്റ്ററിൽ രോഗം സ്ഥിരീകരിച്ചത് നാലുപേര്‍ക്കാണ്.
ചെല്ലാനത്ത് തയാറാക്കിയ ഫസ്റ്റ്‍ലൈൻ ട്രീറ്റ് മെന്റ് സെന്റർ പൂര്‍ണസജ്ജമാണ്. അന്‍പത് കിടക്കകളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. കടല്‍ക്ഷോഭവും രൂക്ഷമായ സാഹചര്യത്തില്‍ ചെല്ലാനത്ത് പ്രത്യേക കരുതല്‍ വേണമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തില്‍ ജില്ലാ കളക്ടറോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ രൂക്ഷമായ സാഹചര്യം നേരിടുന്ന കുടുംബങ്ങള്‍ക്ക് അരിയും ഭക്ഷണസാധനങ്ങളും എത്തിച്ചു നല്‍കാനും ആവശ്യമെങ്കില്‍ കമ്മ്യൂണിറ്റി കിച്ചന്‍ തുടങ്ങാനുമാണ് നിര്‍ദ്ദേശം. അതിനിടെ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൊച്ചി നഗരസഭയുടെ 1, 2, 3, 5 വാര്‍ഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.